ഇന്റേണല്‍ മാര്‍ക്കും അഡ്മിഷനും വരെ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ ! അഞ്ചു വര്‍ഷത്തിനിടെ ടിസി വാങ്ങിപ്പോയത് 187 വിദ്യാര്‍ഥികള്‍;യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത് ഫാസിസത്തിന്റെ ഉഗ്രരൂപം…

കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ സഹചാരികള്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ എന്നും എസ്എഫ്‌ഐ എന്ന സംഘടനയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തരം ധാരണകള്‍ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത്.”ഞങ്ങള്‍ സ്വപ്നം കണ്ട എസ്.എഫ്.ഐയല്ല ഇവിടെയുള്ളത്. ഗുണ്ടായിസവും വടിവാള്‍ രാഷ്ട്രീയവുമാണിവിടെ. യൂണിയന്‍ ഓഫീസില്‍ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇതാണോ കമ്യൂണിസം? ഈ കമ്യൂണിസം ഞങ്ങള്‍ക്കു വേണ്ട…”- സഹപാഠിക്കു കുത്തേറ്റതിനേത്തുടര്‍ന്നു യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധമുയര്‍ത്തിയ നൂറുകണക്കിനു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ പ്രതികരണമാണിത്. ഏറെക്കാലമായി വിദ്യാര്‍ഥികളുടെ മനസില്‍ നീറിപ്പുകഞ്ഞ പ്രതിഷേധമാണ് ഇന്നലെ കാമ്പസിനു പുറത്തും ആളിക്കത്തിയത്.

നഗരമധ്യത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ എസ്.എഫ്.ഐ. നേതൃത്വമറിയാതെ ഈച്ചപോലും പറക്കില്ല എന്നതാണ് സ്ഥിതിയെന്നു വിദ്യാര്‍ഥികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഇവിടെ പഠിക്കണമെങ്കില്‍ എസ്.എഫ്.ഐക്കാരനാകണം. അഞ്ചു വര്‍ഷത്തിനിടെ കോളജില്‍നിന്നു 187 വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങിപ്പോയതായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍തന്നെയാണു നിയമസഭയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനം സര്‍വനിയന്ത്രണങ്ങള്‍ക്കും അപ്പുറമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയുമുണ്ടായില്ല.

കാലങ്ങളായി പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരേയും നോക്കുകുത്തികളാക്കി ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് എസ്.എഫ്.ഐയാണ്. നാലാം അഡ്മിഷന്‍ എന്ന പേരില്‍ വര്‍ഷങ്ങളായി എസ്.എഫ്.ഐ. അഡ്മിഷന്‍ നിയന്ത്രിക്കുന്നു. ഇവരെ എതിര്‍ത്താല്‍ വിദ്യാര്‍ഥികളെത്തുക എസ്.എഫ്.ഐയുടെ യൂണിറ്റ് ഓഫീസായ ഇടിമുറിയിലാകും. ജീവനക്കാരെവരെ ഇവിടെയെത്തിച്ചു ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്നതു സ്ഥിരം സംഭവമാണ്. എതിര്‍ത്താല്‍ മര്‍ദനം ഉറപ്പ്. തങ്ങളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍പോലും അധ്യാപകരെ അനുവദിക്കില്ല. പിടിഎയും ഇവര്‍ക്ക് അനുകൂലമാണെന്നതാണ് മറ്റൊരു വിരോധാഭാസം.

പാര്‍ട്ടി പരിപാടികള്‍ക്കെല്ലാം വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്നത് അലിഖിത നിയമമാണ്. അല്ലാത്തവരെ ഒറ്റപ്പെടുത്തി മാനസികമായി തകര്‍ക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഇന്ത്യയില്‍ 26-ാം സ്ഥാനത്താണിപ്പോള്‍. മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ് പി.ടിഎ കൂടുന്നത്. യൂണിവേഴ്സിറ്റി അനുശാസിക്കുന്ന മൂന്നു സ്പോട്ട് അഡ്മിഷന്‍ കഴിഞ്ഞാല്‍ നാലാമത് ഒരു സ്പോട്ട് അഡ്മിഷന്‍ വരും. ഇതാണ് എസ്.എഫ്.ഐയുടെ രീതി.

കോളജിലെ 26 ഡിപ്പാര്‍ട്ട്മെന്റിലും ഇങ്ങനെ ഒരാള്‍ പിന്‍വാതിലില്‍ കൂടി വരും. ഈ വിദ്യാര്‍ഥി എസ്.എഫ്.ഐക്കാരന്‍ മാത്രമാകും. ഇയാളാകും ക്ലാസും പിന്നെ കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക. ഈ വിദ്യാര്‍ഥി മുതിര്‍ന്നയാളാകും. വിദ്യാഭ്യാസമല്ല ഇയാളുടെ ലക്ഷ്യം. മറ്റു സംഘടനകള്‍ക്ക് യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവുമില്ല. കേരളം ഇടതുഭരിച്ചാലും വലതു ഭരിച്ചാലും പോലീസിന്റെ പിന്തുണ എപ്പോഴും എസ്എഫ്‌ഐയ്ക്കു തന്നെയാണ്. ഫാസിസത്തെക്കുറിച്ച് എപ്പോഴും പറയുന്ന സംഘടനയുടെ വിദ്യാര്‍ഥി വിഭാഗം യൂണിവേഴ്‌സിറ്റി കോളജില്‍ നടപ്പിലാക്കുന്നത് ഒന്നാന്തരം ഫാസിസമാണെന്നത് സുവ്യക്തമാവുകയാണ്.

Related posts