തൊടുപുഴ: ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. വേങ്ങലൂരില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ പേരിൽ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ‘സംഘി ഖാന് യു ആര് നോട്ട് വെല്‍ക്കം ഹിയര്‍’ എന്ന് എഴുതിയ കറുത്ത ബാനറാണ് എസ്എഫ്ഐ ഉയര്‍ത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണ് ഗവർണർ ഇന്ന് തൊടുപുഴയിലെത്തുന്നത്. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 450 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അതേസമയം, ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വാക്പോരും രൂക്ഷമായി. സിപിഎം നേതാവ് എം.എം. മണി എംഎൽഎ ഗവർണർക്കെതിരേ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു.
ഭൂനിയമ ഭേദഗതി ബിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയാണെന്നും ജില്ലയിൽ ഗവർണർ പ്രവേശിക്കുന്നതു പെറപ്പ് പണിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗവർണർക്കു പരവതാനി വിരിക്കാൻ ഇടുക്കിയുടെ മണ്ണു വിട്ടുകൊടുക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പറഞ്ഞു.
ഗവർണർ ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എൽഡിഎഫ് നേതൃത്വവും വ്യക്തമാക്കി.എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന ജീവ കാരുണ്യ പരിപാടിക്ക് പിന്തുണ നൽകുമെന്ന് ഡിൻ കുര്യാക്കോസ് എംപി പറഞ്ഞു.
എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ അനാവശ്യമാണെന്നും ഇതിന്റെ പേരിൽ സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും ഡീൻ പറഞ്ഞു. ഗവർണറുടെ ജില്ലയിലെ സന്ദർശനത്തിനു പൂർണ പിന്തുണ നൽകുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്.