തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയൻ ഭാരവാഹിപ്പട്ടികയിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകാൻ സാധ്യത. പ്രിൻസിപ്പലിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായാണ് സർവകലാശാല വിലയിരുത്തുന്നത്.
കാട്ടാക്കട കോളേജ് പ്രിൻസിപ്പലിനോട് മുഴുവൻ രേഖകളുമായി ഹാജരാകാൻ കേരള സർവകലാശാല വൈസ് ചാൻസിലർ നിർദ്ദേശിച്ചിരുന്നു. പ്രിൻസിപ്പൽ ഹാജരാക്കുന്ന രേഖകളിൽ വിശദമായ പരിശോധന ഉണ്ടാകും.
ശനിയാഴ്ച വൈസ് ചാൻസലർക്ക് മുൻപാകെ നേരിട്ട് ഹാജരായി പ്രിൻസിപ്പൽ വിശദീകരണം നൽകണം.വിവാദത്തെ തുടർന്ന് കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
മാറ്റിവച്ച സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് തീയതിയും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും. 20നാണ് സിൻഡിക്കേറ്റ് യോഗം. സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.
എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നതെന്നാണ് പരാതി. സംഭവത്തിൽ കെഎസ് യു വൈസ് ചാൻസിലർക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ സിപിഐഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആള്‍മാറാട്ടം പുറത്തു വരാന്‍ കാരണം എന്നാണ് സൂചന.