ഏറ്റുമാനൂർ: കെഎസ്യു മാർച്ചിനു നേരേ എസ്എഫ്ഐയുടെ ആക്രമണം. ആക്രമണത്തിൽ യൂത്ത് കോണ്ഗ്രസ് നേതാവിനു ക്രൂരമർദനം. മണിക്കൂറുകൾക്കൂള്ളിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്ത് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനും പ്രവർത്തകനും വെട്ടേറ്റു.
മർദനമേറ്റ യൂത്ത് കോണ്ഗ്രസ് അതിരന്പുഴ മണ്ഡലം പ്രസിഡന്റ് ജിം അലക്സ്, വെട്ടേറ്റ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം. അരുണ്, എംജി യൂണിവേഴ്സിറ്റി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സഞ്ജു സദാശിവം എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മാന്നാനം ജംഗ്ഷനു സമീപമാണു സംഭവ പരന്പരയുടെ തുടക്കം.
കെഎസ്യു കെ.ഇ. കോളജ് യൂണിറ്റ് നടത്തിയ പ്രകടനത്തിനു നേർക്ക് എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കെഇ കോളജ് പടിക്കൽ എത്തി തിരികെ ജംഗ്ഷനു സമീപം എത്തുന്പോൾ ഒരു സംഘം പ്രകടനത്തിനു നേർക്കു പാഞ്ഞടുക്കുകയും പ്രകടനം നയിച്ചിരുന്ന കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ബെൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സ് എന്നിവരെ മർദിക്കുകയുമായിരുന്നു.
ജിം അലക്സിനെ സംഘം ക്രൂരമായി മർദിച്ചു. കൈയുടെ തോൾക്കുഴ തെറ്റുകയും പിൻകഴുത്തിനു പരിക്കേൽക്കുകയും ചെയ്തു. ജിമ്മിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ജിം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണു സംഘർഷമുണ്ടാക്കിയതെന്നു കെഎസ്യു പ്രവർത്തകർ പറഞ്ഞു.
വൈകുന്നേരം അഞ്ചിനാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്ന്റിനും പ്രവർത്തകനും നേരെ ആക്രമണമുണ്ടായത്. എംജി യൂണിവേഴ്സിറ്റിയുടെ അതിരന്പുഴയിലെ പ്രധാന കവാടത്തിനു മുന്നിൽ വച്ചു വെട്ടേൽക്കുകയായിരുന്നു. അരുണിനെയും സഞ്ജുവിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി മാന്നാനം കെഇ കോളജിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
വനിതാ ദിനത്തിൽ കോളജ് പരിസരത്ത് അസഭ്യം നിറഞ്ഞ പോസ്റ്റർ വ്യാപകമായി എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിച്ചതിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ വ്യാഴാഴ്ച ഒരു ക്ലാസ് റൂമിലെ ഡെസ്കിൽ എസ്എഫ്ഐ പ്രവർത്തകർ എസ്എഫ്ഐ എന്നെഴുതിയതിനു തൊട്ടരികിൽ കെഎസ്യു പ്രവർത്തകർ കെഎസ്യു എന്നെഴുതിയതും വിവാദമായിരുന്നു. കെഎസ്യുക്കാർ എഴുതിയത് മായ്ക്കണമെന്നു എസ്എഫ്ഐക്കാർ ആവശ്യപ്പെട്ടു. എസ്എഫ്ഐക്കാർ മായ്ച്ചാൽ തങ്ങളും മായ്ച്ചുകളയാമെന്നു കെഎസ്യുക്കാർ പറഞ്ഞു.
ഇതിന്റെ പേരിലുണ്ടായ തർക്കത്തിൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ബെന്നിനു മർദനമേറ്റിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെഎസ്യുക്കാർ പ്രകടനം നടത്തിയത്. എസ്എഫ്ഐ നേതാക്കൾക്കെതിരെ നടന്നതു ക്വട്ടേഷൻ ആക്രമണമാണെന്നും ഇതിനു പിന്നിൽ ജിം അലക്സ് ആണെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ അതിരന്പുഴ പഞ്ചായത്തിൽ ഹർത്താലിനു സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.