എസ്എഫ്‌ഐ നേതാവ് ശബരിമലയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കുറിച്ച കമന്റ് പത്തനംത്തിട്ടയില്‍ ഇടതു സ്ഥാനാര്‍ഥിക്ക് തിരിച്ചടിയാകുന്നു, ശബരിമലയിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിലിട്ട കമന്റ് അതിവേഗം പടരുന്നു, പുലിവാല് പിടിച്ച് സിപിഎം

തെരഞ്ഞെടുപ്പ് കാലമായതോടെ വംശീയ, സ്ത്രീവിരുദ്ധ വിദ്വേഷം പടര്‍ത്തുന്ന സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. അമിത് ഷായുടെ വയനാട്ടിലെ വൈറസ് മുതല്‍ ആലത്തൂരിലെയും കണ്ണൂരിലെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അടുത്തിടെ കണ്ടതാണ്. ഇപ്പോഴിതാ പത്തനംത്തിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവായി മാറി എസ്എഫ്‌ഐ ഏരിയകമ്മിറ്റി അംഗത്തിന്റെ കുറിപ്പും.

ശബരിമലയെയും അവിടുത്തെ വിശ്വാസത്തെയും വളരെ മോശമായി പരാമര്‍ശിക്കുന്ന കമന്റിട്ടത് വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറ എന്ന യുവാവാണ്. വാഴൂര്‍ ഏരിയകമ്മിറ്റി അംഗമാണ് താനെന്നാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പത്തനംത്തിട്ടയില്‍ വീണ ജോര്‍ജ് ജയിച്ചുകഴിയുമ്പോള്‍ തങ്ങള്‍ പലതും ചെയ്തിരിക്കുമെന്നും എല്ലാം വഴിയെ കാണമെന്നുമാണ് ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

വിഷയം പത്തനംത്തിട്ട തെരഞ്ഞെടുപ്പ് ചൂടില്‍ വലിയ വിവാദമായിരിക്കുകയാണ്. യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തതോടെ പ്രചാരണരംഗത്തും എസ്എഫ്‌ഐ നേതാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിഷ്ണുവിന്റെ പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

താന്‍ അത്തരത്തില്‍ കമന്റിട്ടില്ലെന്നും എതിരാളികള്‍ തന്നെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിനെയും അപമാനിക്കാന്‍ നടത്തുന്ന നീക്കമാണിതെന്നുമാണ് വിഷ്ണു പറയുന്നത്. കറുകച്ചാല്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്കിയെന്നും യുവാവ് പറയുന്നു. അതേസമയം ഹിന്ദു ഐക്യവേദി യുവനേതാവിനെതിരേയും പരാതി നല്കിയിട്ടുണ്ട്.

Related posts