കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.
ഇന്നലെ രാത്രി 12.30 ഓടെ മഹാരാജാസ് കോളജിന്റെ ഐഎംഎ ഗേറ്റിന് സമീപമാണ് സംഭവം. മറ്റൊരു രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥിയായ കൊല്ലം കൊട്ടാരക്കര സ്വദേശി അർജുൻ (19) എന്നയാൾക്കും കുത്തേറ്റിട്ടുണ്ട്.
ഇദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാൽ, പത്തനംതിട്ട സ്വദേശി ഫറൂഖ്, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.
കോളജിൽ ഇന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിക്കുന്നതോടനുബന്ധിച്ച് നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്ത് നടക്കുന്നതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്.
കുറച്ചു ദിവസങ്ങളായി കോളിൽ നവാഗതരെ സ്വാഗതം ചെയ്തുള്ള ചുവരെഴുത്ത് സജീവമായി നടന്നുവരികയായിരുന്നു. കോളജിലെ എസ്എഫ്ഐ പ്രവർത്തകരായ 40 ഓളം പേരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് നടന്നു വരികയായിരുന്നു.
ഇതിനിടെ കോളജിന്റെ ഐഎംഎ ഗേറ്റിന് സമീപം ചുവരെഴുത്ത് നടത്തിയിരുന്ന അഭിമന്യുവും, അർജുനും ഉൾപ്പെടെയുള്ള അഞ്ചോളം പേരെ കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഏതാനും പേർ എത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. കുത്തേറ്റ അഭിമന്യുവിനെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അവർ പറഞ്ഞു.
കോളജിലെ കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ കാന്പസിന് പുറത്തു നിന്നുള്ള 20 ഓളം പേരാണ് അക്രമണം നടത്തിയിരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഏതാനും നാളുകളായി കാന്പസിൽ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുകയായിരുന്നു.
ഇതിൽ ഇവിടുത്തെ മറ്റു വിദ്യാർഥി സംഘടനകളുടെയും സഹകരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പുറത്തു നിന്നുള്ളവരല്ലാതെ ആരും കാന്പസിൽ മാരകായുധങ്ങളുമായി എത്തില്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് പറഞ്ഞു.
അഭിമന്യുവിന്റെ മൃതദേഹം രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മഹാരാജാസ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ഇടുക്കിയിലേക്ക് കൊണ്ടുപോകും. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് അഭിമന്യു.
സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, എം.സ്വരാജ് എംഎൽഎ, സൈമണ്‍ ബ്രിട്ടോ തുടങ്ങിയവരും, മറ്റു സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും രാവിലെ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. ചികിത്സയിലുള്ള അർജുനെ പുലർച്ചെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കത്തിക്കുത്തിൽ ഇദ്ദേഹത്തിന്റെ കരളിന് ഗുരുതരപരിക്കേറ്റിട്ടുണ്ടെന്നും വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. എല്ലാ ഏരിയ കമ്മിറ്റികളിലും പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരെ കൂടാതെ 15 ഓളം പേർ സംഘത്തിലുണ്ടായിരുന്നു. ഇവർക്കായി നഗരത്തിൽ തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. വാഹനങ്ങളിലും മറ്റും പരിശോധന നടത്തുന്നുണ്ട്.
ചുവരെഴുത്തിൽ തുടങ്ങിയ തർക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ചുവരെഴുത്തിൽ തുടങ്ങിയ തർക്കത്തിൽ പൊലിഞ്ഞത് ഒരു വിദ്യാർഥിയുടെ ജീവൻ. ഇന്നലെ രാത്രി മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തിൽ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയായ ഇടുക്കി സ്വദേശി അഭിമന്യുവിനാണ് ജീവൻ നഷ്ടമായത്.
കോളജിലെ കാന്പസ് ഫ്രണ്ടുമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളജിലെ മതിലിൽ കാന്പസ് ഫ്രണ്ടും എസ്എഫ്ഐയും മത്സരിച്ച് ചുവരെഴുത്ത് നടത്തിവരികയായിരുന്നു.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ 40 ഓളം പ്രവർത്തകരാണ് കോളജിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് നടത്തിയിരുന്നത്. മത്സരം മുറുകിയപ്പോൾ ആദ്യം എഴുതിയതിനു മേലേക്കൂടി അടുത്ത കൂട്ടർ എഴുതിത്തുടങ്ങി. കാന്പസ് ഫ്രണ്ട് എന്ന് എഴുതിയിടത്ത് അത് മായ്ക്കാതെ വർഗീയ എന്നു കൂടി അടുത്ത കൂട്ടർ എഴുതി ചേർന്നു.
ഇതേ തുടർന്നുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്. ഇന്നലെ കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ 20 ഓളം പുറത്തുനിന്നുള്ളവർ കാന്പസിനകത്തേക്ക് എത്തുകയും വിദ്യാർഥികളെ ആക്രമിക്കുകയുയമായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്ന് തുടങ്ങുന്ന അധ്യയനവർഷത്തിൽ നവാഗതരെ വരവേൽക്കാനായി തയ്യാറാക്കിയ ബോർഡുകളും കാന്പസ് ഫ്രണ്ടുകാർ നശിപ്പിച്ചതായും എസ്എഫ്ഐ ആരോപിച്ചു.
മഹാരാജാസ് കോളജിന്റെ ഐഎംഎ ഗേറ്റിന് സമീപം ചുവരെഴുത്ത് നടക്കവെയാണ് അഭിമന്യുവിന് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടാംവർഷ ഫിലോസഫി വിദ്യാർഥിക്കും കുത്തേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. അഭിമന്യുവിനെ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരിച്ചിരുന്നു. പെയിന്റ് പാത്രങ്ങളും ബ്രഷുകളും മറ്റു കോളജിന് ചേർന്നുള്ള മതിലിന് സമീപം രാവിലെയും കാണാമായിരുന്നു.
കൈവെട്ട് സംഘത്തെ കാമ്പസിൽ കയറ്റില്ലെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: മതനിരപേക്ഷത തകര്‍ക്കാനുള്ള കാമ്പസ് ഫ്രണ്ടിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് മഹാരാജാസിലെ എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി എം.വിജിന്. സമാധാന അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുന്ന കാമ്പസാണ് മഹരാജാസ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇവിടെ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തിയ അരും കൊലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഇത്തരം വര്‍ഗീയ ശക്തികളെ കാമ്പസില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹവും പൊതുജനവും തയ്യാറാവണമെന്നും വിജിൻ ആവശ്യപ്പെട്ടു.