പയ്യന്നൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ നാലംഗ സംഘം തടഞ്ഞു വച്ച് മർദിച്ചു.
പയ്യന്നൂര്‍ നാഷണല്‍ കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗവുമായ തെക്കേ മമ്പലത്തെ കെ.അശ്വിന് (20),മുന്‍ യൂണിറ്റ് പ്രസിഡന്റ് കവ്വായിയിലെ സി.ജിബിന്‍(20)എന്നിവരെയാണ് ആക്രമിച്ചത്.
പരിക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് പരിയാരം കാരക്കുണ്ടിൽ വച്ചായിരുന്നു അക്രമം.
കാരക്കുണ്ട് എംഎം നോളഡ്ജ് കോളജിൽ പരീക്ഷ എഴുതി മടങ്ങി വരുന്പോൾ മരക്കഷ്ണങ്ങളും കല്ലുകളുമായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.
അഞ്ചുമാസം മുമ്പ് ഉണ്ടായതും പറഞ്ഞ് ഒത്തു തീർപ്പിലായതുമായ വിഷയം ഉന്നയിച്ചായിരുന്നു കണ്ടാലറിയാവുന്ന രണ്ടു പേരുൾപ്പെടുന്ന നാലംഗ സംഘം മർദിച്ചതെന്ന് ഇരുവരും പറഞ്ഞു.
ഇവരുടെ സഹപാഠികളായ വിഷ്ണു, നോയൽ എന്നിവർക്കും മർദനമേറ്റിരുന്നു ഇവർ പെരിങ്ങോം പിഎച്ച്സിയിൽ ചികിത്സ തേടി.
അക്രമത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള നീക്കത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.