തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ നടുറോഡിൽ ക്രൂരമായി മർദിച്ചു. എസ്എപി ക്യാന്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണു തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടു മർദനമേറ്റത്.
സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലായിരുന്നു മർദനം. തർക്കമുണ്ടായ ഉടൻ യൂണിവേഴ്സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്ഐ നേതാക്കൾ ഇവരെ പോലീസ് കസ്റ്റഡിയിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തു.
യൂണിഫോമിലായിരുന്ന പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതു സഹപ്രവർത്തകരായ പോലീസുകാരും നാട്ടുകാരും നോക്കിനിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.