യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സർവകലാശാല പരീക്ഷകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില അധ്യാപകരും ഓഫീസ് ജീവനക്കാരും പറയുന്നു. പകരം ആളെ വച്ച് പരീക്ഷ എഴുതിപ്പിക്കുക, കോപ്പിയടിക്കുക, സംഘടനാ നേതാക്കൾക്കായി പ്രത്യേക റൂമിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങൾ വർഷങ്ങളായി ഇവിടെ നടക്കുന്നു.
വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ വീട്ടിൽ നിന്നും യൂണിയൻ ഓഫീസിൽ നിന്നും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് സർവകലാശാല ഇതറിയുന്നതായി പറയുന്നത്. ഇക്കാര്യങ്ങളെല്ലാം എത്രയോ കാലമായി അവിടെ നടക്കുന്നുണ്ട്.
ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ഇടത് അധ്യാപക സംഘടനയിലെ അധ്യാപകരും ഓഫീസിലെ ക്ലർക്ക്, അറ്റൻഡർ തുടങ്ങിയവരുമാണെന്ന് കോളജിലെ ഒരു മുൻ ജീവനക്കാരൻ വ്യക്തമാക്കി. വിദ്യാർഥി നേതാക്കൾ ക്ലാർക്ക്, അറ്റൻഡർ തുടങ്ങിയവരുമായി കൂട്ടാകും. അവരാണ് സ്റ്റോർ റൂമിൽ നിന്ന് ഉത്തരക്കടലാസും മറ്റും പരീക്ഷാ സമയത്ത് എടുക്കുന്നതും തിരിച്ചുവയ്ക്കുന്നതും. ഇവരെ സ്വാധീനിച്ചാണ് ഉത്തരക്കടലാസുകൾ സ്വന്തമാക്കുന്നത്.
പരീക്ഷാ സമയത്ത് അഡീഷണൽ ഷീറ്റുകൾ എത്ര വേണമെങ്കിലും വാങ്ങാം. ഇത് ഒളിപ്പിച്ചു കടത്തുകയാണു മറ്റൊരു രീതി. പരീക്ഷയുടെ അവസാനം അഡീഷണൽ ഷീറ്റുകൾ പ്രധാന ഉത്തരക്കടലാസിനൊപ്പം തുന്നിച്ചേർക്കുന്നുണ്ടോ എന്ന് ഇൻവിജിലേറ്റർമാർ നോക്കാറുമില്ല. ശ്രദ്ധിച്ചാലും നേതാക്കളുടെ ആളുകളായ ഇവർ കണ്ണടയ്ക്കും. ഇത്തരത്തിൽ കടത്തിക്കൊണ്ടു പോകുന്ന കടലാസുകളിൽ അടുത്ത പരീക്ഷയ്ക്കു വേണ്ടി എഴുതിക്കൊണ്ടുവരും.
പരീക്ഷയ്ക്കു മണിക്കൂറുകൾക്കു മുൻപ് പ്യൂണ്, ക്ലർക്ക് തുടങ്ങിയവരെയോ ഇടതു സംഘടനയിലെ അധ്യാപകരെയോ സ്വാധീനിച്ച് ചോദ്യപേപ്പർ ചോർത്തും. പുസ്തകം തുറന്നു വച്ച് പരീക്ഷാ ഹാളിൽ കോപ്പിയടിക്കും. ഇൻവിജിലേറ്റർമാർ പേടി കാരണം മിണ്ടാതിരിക്കും. ആരെങ്കിലും എതിർത്തു പറഞ്ഞാൽ അവരുടെ വണ്ടിയുടെ ടയർ കുത്തിക്കീറുകയും മർദിക്കുകയും അസഭ്യം പറയുകയുമൊക്കെയാണു നേതാക്കളുടെ പതിവുരീതി.
സംഘടനാ നേതാക്കളായ അധ്യാപകരാണ് ഇവർക്കു പൂർണ പിന്തുണ നൽകുന്നത്. പിന്തുണ നൽകാത്തവരെ കോളജിൽ നിന്നു തന്നെ സ്ഥലം മാറ്റിക്കളയും. സംഘടനാ നേതാക്കളായ അധ്യാപകരിൽ പലരും ക്ലാസുകൾ എടുക്കാറില്ല. ഗസ്റ്റ് അധ്യാപകരെയാണ് എല്ലായ്പ്പോഴും ഈ ഉത്തരവാദിത്തം ഏൽപ്പിക്കുക. അവർ മിണ്ടാതെ ക്ലാസെടുത്തുകൊള്ളും.
ഇടിമുറി നേതാക്കളുടെ ഒളിത്താവളം
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറി, കോളജിനകത്തും പുറത്തുമുള്ള എസ്എഫ്ഐ നേതാക്കളുടെ താവളമാണ്. രാത്രി ഏഴ് കഴിഞ്ഞാൽ പിന്നെ ഇവിടെ വരുന്നതും പോകുന്നതുമൊക്കെ ആരാണെന്ന് ആർക്കുമറിയില്ലെന്ന് കോളജിലെ ഒരു മുൻ ജീവനക്കാരൻ പറയുന്നു. ജില്ലയിലെ എവിടെയുമുള്ള നേതാക്കളുടെ ഒളിത്താവളമാണിത്. കോളജിൽ നിന്ന് കോഴ്സ് കഴിഞ്ഞു പോയവരിൽ ചിലരും ഇവിടുത്തെ സ്ഥിരതാമസക്കാരാണ്.
എല്ലായ്പ്പോഴും മുറി അടഞ്ഞു കിടക്കും. പകൽ എല്ലായ്പ്പോഴും ഇവിടെ രണ്ട് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ കാവലുണ്ടാകും. തങ്ങൾക്കിഷ്ടമില്ലാത്ത വിദ്യാർഥികളെ നേതാക്കൾ ഇവിടേക്കു വിളിച്ചുവരുത്തിയാണു മർദിക്കുന്നത്. അവിടേക്ക് കോളജിലെ മറ്റുള്ള ആർക്കും പ്രവേശനമില്ല.