തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും നീക്കിയെന്ന് മാനേജ്മെന്റ് പറഞ്ഞുവെങ്കിലും തിരുവനന്തപുരം ലോ അക്കാഡമിയിലെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ ഒഴികയുള്ള വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചു. മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് പറയുന്ന തീരുമാനങ്ങളിൽ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിയെന്നാണ് പറയുന്നത്.
എന്നാൽ അവർ സ്ഥാനം രാജിവയ്ക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് കെഐസ് യു, എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ലോ അക്കാഡമി സമരത്തിൽ വിദ്യാർഥികളെ എസ്എഫ്ഐ വഞ്ചിച്ചുവെന്നാണ് മറ്റ് സംഘടനകളുടെ ആരോപണം. മാനേജ്മെന്റുമായി ചേർന്ന് എസ്എഫ്ഐ ഒത്തുകളിക്കുകയായിരുന്നു. സമരം തുടങ്ങിയ കെഐസ് യു, എഐഎസ്എഫ് എന്നീ സംഘടനകളെ എന്തുകൊണ്ട് ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് മാനേജ്മെന്റുകൾ രേഖാമൂലം അറിയിക്കാതെ സമരം തീരില്ലെന്നും വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മ വ്യക്തമാക്കി.