പാലാ പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. സംഘര്‍ഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്‌ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും നൈസായി ഒന്നു വിരട്ടിയത്. മുമ്പ് കെഎസ്യു ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ഇടപെടാത്ത പൊലീസ് ഇപ്പോള്‍ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആക്രോശം.
”പോടാ പോടാ, ഇനി എസ്എഫ്‌ഐക്കാരുടെ ദേഹത്തെങ്ങാന്‍ നീ കേറിയാ…പോലീസിനോടു പറഞ്ഞ ഡലയോഗാണിത്. ഇടയ്ക്ക് ഇടപെടാന്‍ നോക്കിയ പോലീസുകാരനെയും വെറുതെവിട്ടില്ല…”എന്നെപ്പിടിച്ചെങ്ങാന്‍ തള്ളിയാ… താന്‍ പോടോ… സാറേ, താന്‍ പോടോ അവിടന്ന്… താന്‍ പോയി തന്റെ പണി നോക്ക്..താന്‍ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കട്ട്…താന്‍ പോടോ.. ഇവിടെ നേരത്തേ അടി നടന്നപ്പോ തന്നെയൊന്നും കണ്ടില്ലല്ലോ…ഇപ്പോഴല്ലേ താന്‍ വന്നത്…”ഇങ്ങനെ പോകുന്നു കുട്ടി സഖാക്കളുടെ ആക്രോശങ്ങള്‍
പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്‌ഐയുടെ കോളറില്‍ പിടിച്ച് തള്ളിയതെന്നാണ് വിവരം. എന്നാല്‍ പൊലീസ് അപ്പോള്‍ നടപടിയൊന്നുമെടുക്കാതെ ക്യാമ്പസില്‍ നിന്ന് പോയി. ഇതില്‍ കേസെടുത്തതുമില്ല. പ്രശ്‌നം ഇന്നലെ രാത്രി തന്നെ ഇത് പ്രാദേശിക നേതൃത്വം ഇടപെട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസെടുത്തു.കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്യാമ്പസിലെത്തിയ പൊലീസുകാരനെതിരെ ഉണ്ടായ അതിക്രമത്തില്‍ പൊലീസില്‍ത്തന്നെ അമര്‍ഷവുമുണ്ട്.