സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എസ്എഫ്ഐയുടെ ചെങ്കോട്ടയായി തിരുവനന്തപുരം ആയൂർവേദ കോളജും. ഈ കാന്പസിലേക്ക് എസ്എഫ്ഐക്കല്ലാതെ മറ്റൊരു വിദ്യാർഥി പ്രസ്ഥാനത്തിനും പ്രവേശനമില്ല. എസ്എഫ്ഐക്കല്ലാതെ ഈ കോളജിൽ ആരും സിന്ദാബാദ് വിളിക്കാറില്ല.കെഎസ്യുവിന്റെയോ മറ്റേതെങ്കിലും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയോ പതാക ഈ കോളജിൽ ഉയരാറില്ല.
ആയൂർവേദ കോളജിൽ മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ചാൽ വിദ്യാർഥികൾ അടിച്ചൊതുക്കും. എസ്എഫ്ഐയുടെ പ്രകടനത്തിൽ പങ്കെടുക്കാത്തതിന് ഇന്റേണൽ മാർക്ക് നൽകാതെ പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ പലരും ഉള്ളതായി ആക്ഷേപമുണ്ട്.
എസ്എഫ്ഐ നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കാത്തില്ലെങ്കിൽ ചില അധ്യാപകർ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പഠിച്ചിറങ്ങിയ വിദ്യാർഥികൾ ആരോപിക്കുന്നു. മാധ്യമ പ്രവർത്തകരോട് വിദ്യാർഥികൾ സംസാരിക്കരുതെന്നാണ് കോളജിലെ വേറൊരു നിയമം. മാധ്യമ പ്രവർത്തകരോട് സംസാരിച്ചാൽ ഇന്റേണൽ മാർക്ക് നൽകില്ലെന്ന് അധ്യാപക സംഘടനാ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ കോളജിൽ പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിക്ക് തിരുവനന്തപുരം ആയൂർവേദ കോളജിൽ ഹൗസ് സർജൻസി നൽകി ഉത്തരവിറക്കിയതിനെതിരേ വിദ്യാർഥി സമരമുണ്ടായി. അധ്യാപകർ ക്ലാസിലെത്തി ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കുകയായിരുന്നു.