കോട്ടയം: എംജി സർവകലാശാലയിൽ എഐഎസ്എഫ്-എസ്എഫ്ഐ സംഘർഷത്തിൽ മർദ്ദനമേറ്റ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്.
എസ്എഫ്ഐയുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസാണ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവർത്തകർ അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചാണ് എസ്എഫ്ഐ പോലീസിൽ പരാതി നൽകിയത്.
എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, മറ്റ് നേതാക്കളായ സഹദ്, അമൽ അശോക്, എ.എസ്. അഭിജിത്ത് എന്നിവർ ഉൾപ്പടെ ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കിയാണു കേസെടുത്തത്.
വോട്ടുചെയ്യാനെത്തിയ എറണാകുളം സ്വദേശിനിയായ വിദ്യാർഥിയും സർവകലാശാല ക്യാന്പസിലെ വിദ്യാർഥിയുമാണു പരാതി നൽകിയത്.
വോട്ട് ചെയ്യാനെത്തിയ പെണ്കുട്ടിയുടെ തിരിച്ചറിയൽ കാർഡ് തട്ടിപ്പറിച്ചെടുക്കാനായിരുന്നു ശ്രമം.
അത് ചെറുത്തപ്പോൾ അസഭ്യം പറയുകയും ആക്രമിക്കാനും മുതിർന്നു. ഇതുകണ്ട് ക്യാന്പസിലെ വിദ്യാർഥി എത്തിയപ്പോഴാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. ഇരുപരാതികളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തങ്ങൾ നൽകിയ കേസിനെ പ്രതിരോധിക്കാൻ മാത്രമാണ് എസ്എഫ്ഐ നേതാക്കളുടെ പരാതിയെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം ആരോപിച്ചു.
എന്താണ് നടന്നതെന്ന് സംഭവസമയത്തെ ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാകും. സംഭവം നടന്ന് ഒരു ദിവസത്തിനുശേഷമാണ് എസ്എഫ്ഐ പരാതി നൽകുന്നത്.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സംശയമെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഏതെങ്കിലും പ്രവർത്തകൻ എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ചുവെന്നു തെളിയിക്കാനായാൽ നടപടിയെടുക്കാൻ എഐഎസ്എഫ് തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കി.
സഹദിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അതുചെയ്ത പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ എസ്എഫ്ഐ തയാറാകാത്തത് എന്തുകൊണ്ടാണ്.
എസ്എഫ്ഐ നേതൃത്വത്തിന് ആർജ്ജവമുണ്ടെങ്കിൽ അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും എഐഎസ്എഫ് നേതൃത്വം വ്യക്തമാക്കി.