തൃശൂർ: പരീക്ഷാ പേപ്പറിൽ മാർക്ക് വെട്ടിതിരുത്തി വിദ്യാർഥികളെ തോൽപിച്ച പാന്പാടി നെഹ്റു കോളജിലെ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവരാവകാശ പ്രകാരം ലഭിച്ച പേപ്പറിലാണ് മാർക്കുകൾ വെട്ടിതിരുത്തിയതായി വ്യക്തമായത്.
ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് ഈ വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അവർ ആരോപിച്ചു. അധ്യാപകർക്കെതിരെ നടപടികളെടുത്തില്ലെങ്കിൽ സമര മാർഗങ്ങളിലേക്ക് തിരിയുമെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരത് പ്രസാദ്, ജില്ലാ സെക്രട്ടറി സി.എസ്.സംഗീത, എസ്.കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.