തൊടുപുഴ: സ്റ്റേഷനു മുന്പിൽ നടന്ന സംഘർഷം തടയാനെത്തിയ പോലീസുകാരെ മർദിച്ച കേസിൽ പോലീസ് തിരയുന്ന പ്രധാന പ്രതിയായ എസ്എഫ്ഐ നേതാവ് എസ്എഫ്ഐ സംസ്ഥാന ജാഥയിൽ പങ്കെടുത്തതു വിവാദത്തിൽ.
ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസുള്ള എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത്താണ് ഇന്നലെ അടിമാലിയിൽ ജാഥയുടെ മുൻനിരയിൽ പങ്കെടുത്തത്. സംഭവത്തിൽ പോലീസ് പ്രതി ചേർത്തിരിക്കുന്ന ഒൻപത് എസ്എഫ്ഐ പ്രവർത്തകരും ഒളിവിലാണെന്ന പോലീസ് ഭാഷ്യത്തിനിടയിലാണു ശരത് ജാഥയിൽ പങ്കെടുത്തത്.
പ്രതികളിൽ ആരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ 20നു രാത്രിയാണ് തൊടുപുഴ പോലീസ് സ്റ്റേഷനു മുൻപിൽ എസ്ഐ തോമസ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു.
സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലെത്തിച്ചിരുന്നു.
ഇവരെ കാണാനെത്തിയ കൂട്ടുകാരെ രാത്രി എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്നു സ്റ്റേഷന് മുന്പിലിട്ടു മർദിച്ചു.
മർദനം തടയാൻ സ്റ്റേഷനിൽനിന്ന് ഓടിയെത്തിയ പോലീസുകാർക്കാണ് മർദനമേറ്റത്. എന്നാൽ, പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്.
ഇതിനിടെ, നഗരസഭ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ ഇവർക്കെതിരെയുള്ള അക്രമ ദൃശ്യങ്ങൾ പുറത്തു വന്നതോടെ എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ പോലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.