ഇടുക്കി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു.
ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ സ്വദേശി ധീരജ് രാജശേഖരൻ ആണ് മരിച്ചത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്.
നെഞ്ചിൽ കുത്തേറ്റു രക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ കാറിൽ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണത്തിനു പിന്നിൽ പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി എന്നയാളാണെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചു.
ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി നേതാക്കൾ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്.
പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
വിദ്യാർഥി കുത്തേറ്റ സംഭവം അറിഞ്ഞു മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രി എം.എം.മണി തുടങ്ങിയവർ ആശുപത്രിയിൽ എത്തി.