കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ക്ക് എതിരേയാണു കുറ്റപത്രം.
സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. ഇതിനുശേഷം പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി-ഏഴിന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്.
കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം. അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.വീണ വിജയന് അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുകയാണ് ആദ്യപടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമന്‍സിനെയും എസ്എഫ്ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ വിജയന് അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാം.
കുറ്റകൃത്യം നടന്ന സ്ഥലം കൊച്ചിയായ സാഹചര്യത്തിലാണ് ഇവിടത്തെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കന്പനീസ് ആക്ടിൽ 2018ൽ വരുത്തിയ ഭേദഗതി വന്നശേഷം ഇത്തരം സാന്പത്തിക കുറ്റകൃത്യങ്ങൾക്ക് അഞ്ചു വർഷം വരെ തടവും 20 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
സേവനമൊന്നും നൽകാതെ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് കന്പനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു എസ്എഫ്ഐഒ കണ്ടെത്തൽ.കരിമണൽ കന്പനിയായ സിഎംആർഎല്ലിനുപുറമേ ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എംപവർ ഇന്ത്യ എന്ന കന്പനിയിൽനിന്നുള്ള പണവും എക്സാലോജ് സൊല്യുഷൻസിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
യാതൊരു സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കന്പനിക്ക് കരിമണൽ കന്പനികൾ അടക്കം മാസപ്പടി നൽകിയതെന്നും പറയുന്നു.വീണാ വിജയൻ അടക്കമുള്ള 20 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സമൻസ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുന്നത്.