തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക്ക് കന്പനിക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയേക്കും. കരിമണൽ ക നിയായ സിഎംആർഎൽ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കഐസ്ഐഡിസിയും അന്വേഷണ പരിധിയിൽ വരും.
എക്സാലോജിക്ക് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണ വിജയനെതിരെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വരും നാളുകളിൽ വീണ വിജയനെയും കെഎസ്ഐഡിസി, സിഎംആർഎൽ അധികൃതരെയും അന്വേഷണ സംഘം വിളിച്ച് വരുത്തും. ഗുരുതരമായ ക്രമക്കേടും കുറ്റകൃത്യവുമാണെന്നുള്ള തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം.
ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ, കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയ്ക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സിപിഐഎമ്മിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.എക്സാലോജിക്കിനെതിരെ പി.സി. ജോർജിന്റെ മകൻ ഷോണ് ജോർജാണ് കോടതിയിൽ നിയമപോരാട്ടം തുടങ്ങിയത്.
കോടതി ഈ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടിയിരുന്നു. പ്രതിപക്ഷത്ത് നിന്നും കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് എക്സാലോജിക്കിനെതിരെ ആദ്യമായി ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദങ്ങൾക്ക് മറുപടി നൽകിയെങ്കിലും കുടുതൽ കാര്യങ്ങൾ പറയാൻ തയാറായില്ല. മകൾ ബംഗളൂരുവിൽ കമ്പനി തുടങ്ങിയത് അവളുടെ അമ്മ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കാശുകൊണ്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ബാങ്കിൽ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നുവെന്നും ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവും ഉണ്ടാകാറില്ലെന്നും പിണറായി വ്യക്തമാക്കി.
ഇന്നലെ രാത്രിയിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ അന്വേഷണത്തിന് നിയോഗിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. നേരത്തെ വിഷയത്തില് കേന്ദ്രസര്ക്കാരിന്റെ നിലപാട് വ്യക്തമാകാത്തതില് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിനെ ഏൽപ്പിച്ചത്.