ഏറ്റുമാനൂർ: എസ്എഫ്ഐ നേതാക്കൾ കടന്നുപിടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി.
എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് എസ്എഫ്ഐ നേതാക്കൾക്കെതിരേ ഇന്നലെ രാത്രിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
എംജി യൂണിവേഴ്സിറ്റി സെനറ്റ് വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. ഷിജോയെ സഹായിക്കുന്നതിനു മറ്റ് സംഘടനാ നേതാക്കളോടൊപ്പം എത്തിയതായിരുന്നു നിമിഷ.
വോട്ടെടുപ്പിനുശേഷം മടങ്ങുന്പോൾ എഐഎസ്എഫ് നേതാവ് എ.എ. സഹദിനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാൻ എത്തിയ തന്നെ ക്രൂരമായി മർദിച്ചതായും നിമിഷ പരാതിയിൽ പറയുന്നു.
എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, സെക്രട്ടറി അമൽ, പ്രജിത് കെ. ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പരാതിയിലുണ്ട്.
തലയ്ക്കടിക്കുകയും നടുവിനു ചവിട്ടുകയും ചെയ്തതായി നിമിഷ പറഞ്ഞു. ഇടതു മാറിൽ കൈ അമർത്തിയതിന്റെ പാടുകളുണ്ട്.
ഇന്നലെ രാത്രി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിമിഷയ്ക്കു സിടി സ്കാൻ പരിശോധന നടത്തി.
കെഎസ്യു ഇലക്ഷനിൽനിന്ന് പിന്മാറിയതോടെ എസ്എഫ്ഐയും എഐഎസ്എഫും മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. എസ്എഫ്ഐ പാനലിനെതിരേ മത്സരിച്ചതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് നിമിഷ പറഞ്ഞു.