കളമശേരി: വിദ്യാർഥിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കളുൾപ്പെടെ മൂന്ന് പേർക്കെതിരേ കളമശേരി പോലീസ് വധശ്രമത്തിനു കേസെടുത്തു.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ രാഹുൽ പേരാളം, പ്രജിത്ത് കെ.ബാബു എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് വധശ്രമത്തിന് കളമശേരി പോലീസ് കേസെടുത്തത്.
ഹോസ്റ്റൽ വാർഷികത്തോടനുബന്ധിച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബിടെക് നാലാം സെമസ്റ്റർ വിദ്യാർഥി ആസിൽ അബൂബക്കറി (21) നെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കുസാറ്റിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ വാർഷികം അരങ്ങേറിയിരുന്നു. ഇതിനോടനുബന്ധിച്ച് ജൂണിയർ – സീനിയർ വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ ഞായറാഴ്ച രാത്രി 11.30 ഓടെ കുസാറ്റ് ജംഗ്ഷനിൽ ബൈക്കിലെത്തിയ ആസിലിനെ കാറിപ്പിടിപ്പിച്ച് വീഴ്ത്തി കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ ആസിലിനെ കുസാറ്റിലെ മറ്റ് വിദ്യാർഥികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിലെ ഒരു പ്രതി മഹാരാജാസിലെ പ്രിസിപ്പലിന്റെ കസേര കത്തിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഹോസ്റ്റൽ വാർഷികത്തോടനുബന്ധിച്ച് കാന്പസിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കുസാറ്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.