1978 ഡിസംബർ… പുതുമുഖത്തെ തേടിയുള്ള മദ്രാസ് യാത്ര വെറുതെയായെന്നു കരുതി ഞാനും ആർട്ടിസ്റ്റ് കിത്തോയും പിറ്റേന്നുള്ള ട്രയിനിന് എറണാകുളത്തേക്ക് ടിക്കറ്റ് ബുക്കു ചെയ്തു. ഷൂട്ടിംഗ് മാറ്റിവയ്ക്കാമെന്നു തീരുമാനിച്ചു.
ഉച്ചതിരിഞ്ഞ് ചായ കുടിക്കാനായി നടക്കുന്പോൾ എതിരേനിന്നും പരിചയക്കാരനായ ഒരു അസി. പ്രൊഡക്ഷൻ കണ്ട്രോളർ വരുന്നു. അവൻ പറഞ്ഞു:
ദാ കാണുന്ന കെട്ടിടത്തിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു പെണ്കൊച്ചുണ്ട്. എന്തായാലും ഒന്നു കണ്ടുകളയാം എന്നു കരുതി ഞങ്ങൾ ആ പഴയ കെട്ടിടത്തിന്റെ മുകളിലേക്കു കയറി.
അവിടെ നെയ്ത്തുകസേരയിൽ ഒരു പെണ്കുട്ടി ഇരിപ്പുണ്ടായിരുന്നു. ഇവിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരു പെണ്കുട്ടിയുണ്ടെന്നു കേട്ടുവന്നതാണെന്നു ഞാൻ പറഞ്ഞു:
“”ആമാ, അത് നാൻ താൻ; പിടിച്ച് താ”. അമ്മ എവിടെയെന്ന് ചോദിച്ചപ്പോ പറഞ്ഞു: “” വെളിയിൽ പോയ്ര്ക്ക്. ഇപ്പൊ വരും”. പത്തു മിനിറ്റു കഴിയുന്പോഴേക്കും ഒരു സഞ്ചിയിൽ കുറച്ചു പച്ചക്കറികളുമായി അവർ വന്നു, ഞാൻ കാര്യം പറഞ്ഞു.
മേക്കപ്പ് ഒന്നുമില്ലാതെ ഞാൻ നാലഞ്ച് ഫോട്ടോയെടുക്കും. അത് ഇഷ്ടപ്പെട്ടാൽ നാളെ കോണ്ട്രാക്ട് ഒപ്പുവയ്ക്കും. അവർ സമ്മതിച്ചു.
ഫോട്ടോയെടുത്ത് പോരുന്പോൾ ഞാൻ കിത്തോയോടു ചോദിച്ചു: എങ്ങനെയുണ്ട്… കണ്ണ് കൊള്ളാം. നമുക്ക് പ്രിന്റടിച്ചു നോക്കാം. ഞങ്ങൾ പരിചയമുള്ള ഒരു സ്റ്റുഡിയോയിൽ ഡെവലപ് ചെയ്യാൻ കൊടുത്തു.
അന്ന് ഇന്നത്തെപ്പോലെയല്ല. ബ്ലാക്ക് ആൻഡ് വൈറ്റാണെങ്കിൽ കൂടി പ്രിന്റിനു സമയമെടുക്കും. ഡെവലപ് ചെയ്ത് റൂമിൽ കൊണ്ട് ഉണക്കാൻ ക്ലിപ് ചെയ്തിട്ടശേഷം ഞങ്ങൾ ഒരു സിനിമയ്ക്കു പോയി.
സിനിമ കഴിഞ്ഞു വരുന്പോഴേക്കും പ്രിന്റ് ഉണങ്ങിയിട്ടുണ്ടാകും. അപ്പോൾ എടുത്ത് നോക്കിയിട്ട് വീണ്ടും നോക്കാൻ നമുക്ക് തോന്നുന്നെങ്കിൽ ഇവളെ ഫിക്സ് ചെയ്യാം. അല്ലെങ്കിൽ, വേണ്ടെന്നു വയ്ക്കാം. കിത്തോയുടെ ആശയം എനിക്കു ബോധിച്ചു. സിനിമ കഴിഞ്ഞ് തിരിച്ചെത്തിയ ഞങ്ങൾക്ക് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.
രാവിലെതന്നെപോയി ക്യാരക്ടറും റമ്യൂണറേഷനുമെല്ലാം സംസാരിച്ചുറപ്പിച്ചു. എന്താ പേരെന്ന് ചോദിച്ചപ്പോൾ പറഞ്ഞു: “”വിജയമാല ”. (വിജയലക്ഷ്മി എന്നായിരുന്നു പേരെന്ന് പിന്നീട് ചില അഭിമുഖങ്ങളിൽ കണ്ടു). ഞാൻ പറഞ്ഞു “വിജയ’ എന്നു തുടങ്ങുന്ന കുറേ പേരുണ്ട്.
അതോണ്ട് ഞാൻ പേരു മാറ്റും. അവൾ പറഞ്ഞു: “” ഉങ്ക്ള്ടെ ഇഷ്ടംപോലെ മാറ്റ്ങ്കോ’. ട്രെയിൻ യാത്രയ്ക്കിടയിൽ ഞാൻ ചിന്തിച്ചു. അന്ന് സ്മിത പാട്ടീൽ ബോളിവുഡിൽ വന്ന സമയം. ഞാൻ തീരുമാനിച്ചു. “ഇണയെത്തേടി’ എന്ന എന്റെ ആദ്യചിത്രത്തിലെ നായികയുടെ പേര് സ്മിത.
വന്നപാടെ സിനിമാ പ്രസിദ്ധീകരണങ്ങൾക്കെല്ലാം പുതിയ നായികയുടെ പടം കൊടുത്തു. പരിചയം മൂലം എല്ലാത്തിലും ഫുൾസൈസ് പടം അടിച്ചും വന്നു. സാലിഗ്രാമത്തിൽനിന്നും ഞങ്ങൾ കണ്ടെത്തിയ അവളാണ് പിന്നീട് തെന്നിന്ത്യയിലെ ഗ്ലാമറസ് ഗേളായി മാറിയ “സിൽക്ക് സ്മിത’.
ഈസ്റ്റ്മാൻ സ്റ്റുഡിയോയിൽനിന്ന് സിനിമാ ലോകത്തേക്ക്
1961ൽ ഫോട്ടോഗ്രഫിയോടുള്ള കന്പം മൂത്ത് അത് പഠിച്ചു. പിന്നെ എറണാകുളത്ത് പരിശീലനം., പിന്നെ ജോലി. 75 മുതൽ കൊച്ചിയിലെ ജൂതത്തെരുവിൽ ഈസ്റ്റ്മാൻ സ്റ്റുഡിയോ തുടങ്ങി. പത്രങ്ങൾക്കെല്ലാം ചിത്രങ്ങളെടുത്തു നല്കി.
സ്റ്റിൽ ഫോട്ടോഗ്രഫിയോടൊപ്പം കാർട്ടൂണിസ്റ്റ് തോമസിനുവേണ്ടി അന്ന് എറണാകുളത്ത് മോഡലിംഗ് ഫോട്ടോസ് എടുത്തിരുന്നത് ഞാൻ മാത്രമായിരുന്നു.
അങ്ങനെയാണു സംവിധായകൻ പി.എ. ബക്കർ “മണിമുഴക്കം’ എന്ന സിനിമയ്ക്കുവേണ്ടി കുറച്ച് സ്റ്റിൽസ് എടുത്തുതരണമെന്നു പറഞ്ഞത്. ആദ്യം ഒഴികഴിവു പറഞ്ഞെങ്കിലും സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു.
ആ സമയത്താണ് സിനിമ പോസ്റ്റർ ചെയ്യുന്ന കേരളത്തിലെ ഏക ആർട്ടിസ്റ്റായ കിത്തോയെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണ് കിത്തോയുടെ എം.ജി. റോഡിലുള്ള ഓഫീസിലെ നിത്യസന്ദർശകരായ ചിത്രപൗർണമി സിനിമ വീക്കിലിയുടെ പത്രാധിപരായ കലൂർ ഡെന്നീസിലേക്കും ചിത്രകൗമുദിയിൽ എഴുതിയിരുന്ന കനറാ ബാങ്ക് ജീവനക്കാരനായ ജോണ് പോളിലേക്കും കൊണ്ടുചെന്നെത്തിച്ചത്.
മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് ബോൾഗാട്ടി പാലസിലായിരുന്നു. ഇതിലൂടെ സിനിമാ മേക്കിംഗ് അത്ര ഭാരിച്ച പണിയല്ല, എനിക്കും സാധിക്കുമെന്നൊരു തോന്നലുദിച്ചു.
ആദ്യചിത്രം കഴിഞ്ഞപ്പോഴേക്കും കെ.ജി. ജോർജിന്റെ ഓണപ്പുടവ, ജേസിയുടെ വീടൊരു സ്വർഗം, ഐവി ശശിയുടെ ഈ മനോഹരതീരം തുടങ്ങി നിരവധി ചിത്രങ്ങളിൽ നിശ്ചലഛായാഗ്രഹകനായി.
അതിനിടെ കൂടുതൽ സൗകര്യങ്ങളോടെ സ്റ്റുഡിയോ കലൂരിലേക്കു മാറ്റി. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് സോമൻ, ജയഭാരതി, ശങ്കരാടി, സംവിധായകരായ പത്മരാജൻ, കെ.ജി. ജോർജ്, ജേസി തുടങ്ങി വലിയൊരു സെലിബ്രറ്റി നിരയായിരുന്നു.
വൈകുന്നേരങ്ങളിലെ സിനിമ ചർച്ചകൾ
വൈകിട്ട് അഞ്ചിന് ബാങ്കിൽനിന്നിറങ്ങിയാൽ പത്തു മിനിറ്റിനുള്ളിൽ ജോണ് പോൾ എന്റെ സ്റ്റുഡിയോയിലെത്തും. മിക്കവാറും ദിനങ്ങളിൽ ഡെന്നീസും.
ജോണ് പോൾ വലിയ സിനിമാ കന്പക്കാരനാണ്. ബർഗ്മാന്റെയും സത്യജിത് റേയുടേയുമൊക്കെ സിനിമകളെക്കുറിച്ച് നന്നായി പറയും. കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ സിനിമകൾ ഞങ്ങൾ പോയി കാണും. നിരന്തരമുള്ള ഇത്തരം സിനിമാ ചർച്ചകളാണ് നമുക്കൊരു സിനിമ ചെയ്താലോ എന്ന ചിന്തയിലേക്കെത്തിച്ചത്.
കഥ ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തു. ജോണ് പോളിനോടു തിരക്കഥ എഴുതാൻ പറഞ്ഞു. എന്റെ ഒരു സുഹൃത്ത് പ്രൊഡ്യൂസ് ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും ശരിയായില്ല.
അങ്ങനെ പ്രൊഡക്ഷൻ കണ്ട്രോളറായി ഡെന്നീസിനെ ചുമതലപ്പെടുത്തി. അവരുടെ നിർബന്ധത്താലാണ് ഞാൻ സംവിധായകനായതും ആദ്യ സിനിമയുടെ പ്രൊഡ്യൂസറായതും.
ആദ്യസിനിമയിലൂടെ നാലു പുതുമുഖങ്ങൾ
തിരക്കഥ എഴുതുന്പോഴേ നായികയായി ഞങ്ങൾ മനസിൽ കണ്ടിരുന്നത് പശിയിലൂടെ ദേശീയ അവാർഡ് നേടിയ ശോഭയെയാണ്. പെട്ടെന്നായിരുന്നു ഇവരുടെ അപ്രതീക്ഷിത ആത്മഹത്യ.
അതോടെ ഒരു പുതുമുഖ നായിക മതി എന്നു ഞങ്ങൾ തീരുമാനിച്ചു. പത്രപരസ്യം കൊടുത്തു. ഇരുനൂറിൽപരം അപേക്ഷകൾ കിട്ടിയതിൽനിന്ന് അഞ്ചാറു പേരെ ഇന്റർവ്യൂവിനു വിളിച്ചു.
ഞങ്ങളുടെ സുഹൃത്തുക്കളായ കാർട്ടൂണിസ്റ്റ് യേശുദാസൻ, ഡിവൈഎസ്പി അബ്ദുൾ ഹമീദ്, മാധ്യമപ്രവർത്തകനും പിന്നീട് എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ്.
ഇതിലാരും ഈ നായികയാവാൻ പറ്റില്ലെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെയാണ് നേരത്തേ പറഞ്ഞപോലെ “സ്മിത’യെ കിട്ടിയത്.
രണ്ടാമത്തെ ചിത്രമായ തമിഴിലെ “വണ്ടിചക്ര’ ത്തിലെ അവളുടെ കഥാപാത്രം സിൽക്ക്…,സിൽക്ക് എന്നു പറഞ്ഞു നടക്കുമായിരുന്നു. അത് തമിഴകം ഏറ്റെടുത്തതോടെ പേരിന്റെ മുന്നിൽ സിൽക്ക് കൂട്ടിച്ചേർക്കപ്പെട്ട് “സിൽക്ക് സ്മിത’ ആവുകയായിരുന്നു.
1982ൽ ബാലുമഹേന്ദ്രയുടെ “മൂന്നാംപിറ’യിൽ കമലഹാസനോടൊപ്പമുള്ള ഗാനരംഗങ്ങൾ അവൾക്ക് ഗ്ലാമർ പരിവേഷം നൽകി. പിന്നെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി.
നടനാകട്ടെ സിനിമയിൽ പുതുമുഖമെങ്കിലും നാടകത്തിലൂടെ പ്രശസ്തനായ കലാശാല ബാബു. പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകൻ. ജോണ് പോളാണ് അതും നിർദേശിച്ചത്. അപ്പോൾ തിരക്കഥാകൃത്തായ ജോണ് പോൾ ഉൾപ്പെടെ മൂന്നു പുതുമുഖങ്ങളായില്ലേ. നാലാമനാണ് സാക്ഷാൽ ജോണ്സൻ മാസ്റ്റർ.
ജോണ്സൻ മാഷിനെ കണ്ടെത്തിയ കഥ
സിനിമയുടെ ചിത്രീകരണം ഏതാണ്ടു പൂർത്തിയായപ്പോഴാണ് ഒരു ടൈറ്റിൽ സോംഗ് വേണമെന്നൊരു മോഹം എനിക്കുദിച്ചത്. ദേവരാജൻ മാസ്റ്ററെ സമീപിച്ചപ്പോൾ വലിയ തിരക്ക്. പെട്ടെന്ന് ചെയ്തുകിട്ടാനിടയില്ല. അങ്ങനെ മദ്രാസിലേക്കു വണ്ടികയറി.
പാട്ടെഴുതാനായി ആർ.കെ. ദാമോദരനെയും കൂടെക്കൂട്ടി. ഇളയരാജയുടെ സെറ്റിലിരുന്ന് വയലിൻ വായിക്കുകയാണ് ജോണ്സൻ. ഇടവേളയ്ക്ക് പുറത്തിറങ്ങിയപ്പോൾ ഞാൻ ജോണ്സനോടു ചോദിച്ചു. ഞാനൊരു സിനിമയെടുക്കുന്നുണ്ട്. നിനക്കതിൽ ഒരു പാട്ട് ചെയ്യാൻ പറ്റ്വോ…
അവൻ പറഞ്ഞു: “” ഞാൻ ഇതുവരെ പാട്ടൊന്നും ചെയ്തിട്ടില്ല.” അതെനിക്കറിയാം. എന്റെ ചിത്രത്തിൽ എല്ലാരും പുതുമുഖങ്ങളാണ്. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ പറ. “”ആന്റണിച്ചേട്ടൻ ധൈര്യം തന്നാൽ ചെയ്യാം.” ധൈര്യം തരാൻ എനിക്ക് പാട്ടിനെക്കുറിച്ച് പറഞ്ഞുതരാൻ അറിയില്ല.
കുറച്ചുനേരം ആലോചിച്ചിട്ട് അവൻ പറഞ്ഞു. “”അന്നാ അങ്ങ്ട് ചെയ്താലോ… നമ്മ്ള് തൃശൂർക്കാരല്ലേ…’’ അങ്ങനെ പിറ്റേന്നുതന്നെ മ്യൂസിക് ഉണ്ടാക്കി. വരികളെഴുതി. കന്പോസ് ചെയ്തു.
അതിന്റെ പിറ്റേന്ന് രാവിലെ റിക്കാർഡിംഗ്. പി. ജയചന്ദ്രൻ പാടി. അന്നുതന്നെ റീ റിക്കാർഡിംഗ്, മിക്സിംഗ്, ഇഫക്ട്സ് എന്തിനു പറയേണ്ടൂ പിറ്റേന്ന് പുലർച്ചെ നാലാകുന്പോഴേക്കും മുഴുവൻ പണിയും കഴിഞ്ഞു. അങ്ങനെയാണ് ജോണ്സൻ മാഷിന്റെ “വിപിന വാടികേ’ എന്ന ഗാനം ജന്മമെടുത്തത്.
ആദ്യചിത്രം റിലീസ് ചെയ്യും മുന്പേ രണ്ടാമത്തെ ചിത്രമായ വയൽ ഷൂട്ടിംഗ് ആരംഭിച്ചു. അതിലെ തിരക്കഥയെഴുതി കലൂർ ഡെന്നീസും സിനിമയിൽ ഹരിശ്രീ കുറിച്ചു.
എണ്പതുകളിലെ നിറസാന്നിധ്യം
“വയൽ’ തീർന്നയുടൻ അടുത്ത കഥ ഞാൻ എഴുതി. രചന എന്നു പേരിട്ട സിനിമയിൽ പ്രേംനസീർ, ഷീല, കമലഹാസൻ എന്നിവരെയായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇതിനിടെ ഷീല അഭിനയം നിർത്തി. ജോണ്പോൾ ഇടവേള സിനിമയുടെ ലൊക്കേഷൻ നോക്കാനായുള്ള മാട്ടുപ്പെട്ടി യാത്രയ്ക്കിടെ സംവിധായകൻ മോഹനോടു പറഞ്ഞു: ആന്റണിയുടെ കൈയിൽ ഒരു കഥയുണ്ട്. കഥ കേട്ടതോടെ അതു ചോദിക്കടോ.. എന്നായി മോഹൻ. തരുമെന്നു തോന്നുന്നില്ല. പക്ഷേ, ചോദിച്ചുനോക്കാമെന്ന് ജോണ്പോൾ പറഞ്ഞു.
അന്ന് മോഹന്റെ വിടപറയും മുന്പേ ഇറങ്ങി ഹിറ്റായിരുന്ന സമയമാണ്. ജോണ് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: മോഹൻ ചെയ്യുമെങ്കിൽ കൊടുക്കാം. അങ്ങനെ മോഹന്റെ സംവിധാനത്തിൽ രചന പുറത്തിറങ്ങി. ഹിറ്റായി.
പിന്നീട് പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഈ തണലിൽ ഇത്തിരി നേരത്തിന്റെ കഥ, അതേ വർഷം അന്പട ഞാനേ എന്ന ഹ്യൂമർ സെൻസുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തു. ആ വർഷം നാലുചിത്രങ്ങൾ. ആ സംവിധാന സപര്യക്ക് വിരാമമിട്ടത് 1999ലെ വർണത്തേര് എന്ന സുരേഷ്ഗോപി ചിത്രത്തോടെയാണ്.
ഇതിനിടയിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവയും പ്രൊഡ്യൂസർ റോളിലും നിരവധി ചിത്രങ്ങൾ. രണ്ടായിരത്തോടെ സംവിധാന ശൈലിയിൽ മാറ്റങ്ങൾ വന്നതോടെ കഥയിലേക്കു ശ്രദ്ധ ചെലുത്തി. അങ്ങനെയാണ് 2005ൽ പുറത്തിറങ്ങിയ മമ്മൂട്ടി – നയൻതാര ചിത്രമായ തസ്ക്കരവീരനു കഥയെഴുതിയത്. അതേവർഷം ഇറങ്ങിയ കലാഭവൻ മണിയുടെ മാണിക്യൻ എന്ന ചിത്രത്തിൽ കഥ, തിരക്കഥ, സംഭാഷണം എഴുതി.
2007ൽ എറണാകുളത്തെ വാസം അവസാനിപ്പിച്ച് മകൻ ഗഞ്ചിയോടും കുടുംബത്തോടൊപ്പം തൃശൂരിലെ തുന്പൂരിൽ താമസമാരംഭിച്ചു. ഇതിനിടയിലാണ് 2013-ൽ ഇറങ്ങിയ ക്ലൈമാക്സിനു കഥയൊരുക്കിയത്.
നീ എവിടെയായിരുന്നു..?
ക്ലൈമാക്സിനു ശേഷമാണ് പുസ്തകരചന എന്ന മോഹമുദിച്ചത്. പേരക്കുട്ടികളുടെ വചനഡയറി എഴുതാൻ സഹായിക്കുന്നതിനിടെയാണ് ബൈബിളിലെ പലവിധ സംശയങ്ങൾ ഉടലെടുത്തത്. 12 വയസു മുതൽ 30 വയസുവരെ യേശുക്രിസ്തു എവിടെയായിരുന്നു? എന്തു ചെയ്തു? എന്നതിന് ഉത്തരമാണ് നീ എവിടെയായിരുന്നു? എന്ന 533 പേജുകളുള്ള പുസ്തകം.
ഒരു നൂറ് സിനിമ ചെയ്താൽ കിട്ടുന്നതിനേക്കാൾ മാനസിക സംതൃപ്തിയാണ് ഈ പുസ്തരചനയിലൂടെ ലഭിച്ചത്. കാലടി സംസ്കൃത സർവകലശാല വൈസ് ചാൻസലറായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ സംവിധായകൻ സിബി മലയിലിനു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. -പുഞ്ചിരിയോടെ ആന്റണി പറഞ്ഞു നിർത്തി.
ബാക്കിപത്രം
എണ്പതുകളിൽ മലയാള സിനിമയുടെ എല്ലാമായിരുന്ന അയാൾ മകനും പേരക്കുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. ഇടയ്ക്കിടെ പഴയ സുഹൃത്തുകളുമായി മൊബൈൽ ഭാഷണം, പൊട്ടിച്ചിരി.. പിന്നെ പുസ്തകവായന. ഞങ്ങൾ ഗുഡ് ബൈ പറഞ്ഞ് ഇറങ്ങുന്പോഴേക്കും അമേരിക്കൻ മലയാളിയായ എം.പി. ഷീല എഴുതിയ മൂന്നാമൂഴം അദ്ദേഹം വായന തുടങ്ങിയിരുന്നു.
സെബി മാളിയേക്കൽ