സ്വന്തംലേഖകന്‍
കോഴിക്കോട് : ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ അറിയാതെ പണം പിന്‍വലിച്ചത് ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും എടിഎമ്മുകളില്‍ നിന്നാണെന്ന് കണ്ടെത്തല്‍.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങളാണു പിന്നിലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുകയെന്നത് അതിസങ്കീര്‍ണമാണ്. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്.
അക്കൗണ്ട് ഉടമകള്‍ അടുത്തിടെ പണം പിന്‍വലിക്കാനായി ഉപയോഗിച്ച എടിഎമ്മുകളെല്ലാം ഒറ്റപ്പെട്ട സ്ഥലത്തായിരുന്നുള്ളത്.
പുറത്തുനിന്നുള്ളവര്‍ക്ക് എടിഎം കൗണ്ടറിനുള്ളിലേക്ക് നേരിട്ട് കാണാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ പണമെടുത്തവരാണ് തട്ടിപ്പിനിരയായതെന്നാണ് പോലീസ് സംശയിക്കുന്നത്.
എടിഎം കൗണ്ടറില്‍ രേഖപ്പെടുത്തുന്ന പിന്‍നമ്പര്‍ ശേഖരിക്കാന്‍ തട്ടിപ്പ് സംഘം പ്രത്യേക കാമറകള്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യത.
എടിഎമ്മിന്റെ സ്ലോട്ടറില് സ്കാനര്‍ വച്ച് എടിഎം വിവരങ്ങളും ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തെ കുറിച്ച് പോലീസിന്റെ സൈബര്‍ സെല്ലും ബാങ്കുകളുടെ സൈബര്‍ വിംഗും സഹകരിച്ചുകൊണ്ടുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കൂടാതെ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എസ്ഐ കെ.എ.ഷറഫുദ്ദീന്റെ നേതൃത്വത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്ന് റൂറല്‍ എസ്പി ഡോ.ശ്രീനിവാസ് ദീപികയോട് പറഞ്ഞു.
വടകരയില്‍ മാത്രം 1,85,000 ത്തില്‍ അധികം രൂപയാണ് വിവിധ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.
കൂടുതല്‍ പേര് തട്ടിപ്പിനിരയായിരിക്കാനുള്ള സാധ്യതയേറെയാണെന്ന നിഗമനത്തിലാണ് പോലീസ്.