ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം ഫോമിന്റെയും ബാറ്റിംഗിലെ സാങ്കേതികപ്പിഴവുകളുടെയും പേരില്‍ പഴികേട്ട് ടീമില്‍നിന്നു പുറത്തായ ഓപ്പണിംഗ് ബാറ്റ്സ്മാന് പിഴവുകളെല്ലാം നികത്തി തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്‍ 2021ല്‍ ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ ഫോമിലാണു കളിക്കുന്നത്.
സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുന്നതില്‍ പേഴ്സണല്‍ കോച്ച് പ്രശാന്ത് ഷെട്ടിക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് കോച്ച് പ്രവീണ്‍ ആംറെയ്ക്കുമാണു ഷാ നന്ദി അറിയിച്ചിരിക്കുന്നത്.
ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ താരം മൂന്ന് അര്‍ധ സെഞ്ചുറി നേടിക്കഴിഞ്ഞു. ഏഴു കളിയില്‍ 269 റണ്‍സുമായി ഷാ റണ്‍ നേട്ടക്കാരില്‍ മൂന്നാമതാണ്. സ്ട്രൈക്ക് റേറ്റിലും മെച്ചപ്പെട്ടു. 165 ആണ് ഡല്‍ഹി താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ പത്ത് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 174.35 സ്ട്രൈക്ക് റേറ്റുമായി എബി ഡി വില്യേഴ്സാണു മുന്നില്‍.
റിക്കാർഡ് ബുക്കിൽ ഷാ
തകര്‍പ്പന്‍ പ്രകടനമാണു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഷാ കാഴ്ചവച്ചത്. 18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ യുവതാരത്തിന്റെ മികവിലാണ് ഏഴു വിക്കറ്റിന്റെ അനായാസ വിജയം ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.
കോല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നിരുന്നു. മത്സരത്തിലെ ആദ്യ ഓവറില്‍ ശിവം മാവിക്കെതിരെ 6 പന്തില്‍ 6 ഫോര്‍ പൃഥ്വി ഷാ നേടിയിരുന്നു.
ഇതോടെ തകര്‍പ്പന്‍ റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. 41 പന്തില്‍ 11 ഫോറും മൂന്നു സിക്സുമടക്കം 82 റണ്‍സ് നേടിയ ഷായാണ് ഡല്‍ഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. ശിഖാര്‍ ധവാന് 46 റണ്‍സ് നേടി പുറത്തായി.
ഷായ്ക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറു പന്തിലും ബൗണ്ടറി നേടിയതോടെ ഐപിഎലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന തകര്‍പ്പന്‍ നേട്ടം ഷാ സ്വന്തമാക്കി.
2018 ല്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ 21 റണ്‍സ് നേടിയ സുനില്‍ നരെയ്ന്, 2009ല്‍ കോല്‍ക്കത്തയ്ക്കെതിരേ 21 റണ്‍സ് നേടിയ നമാന്‍ ഓജ എന്നിവരുടെ റിക്കാര്ഡുകളാണു ഷാ മറികടന്നത്.
ഐപിഎലില്‍ ഒരോവറിലെ 6 പന്തിലും ഫോര്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് പൃഥ്വി ഷാ. 2012 ല്‍ രാജസ്ഥാന് റോയല്‍സിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ഒരോവറില്‍ 6 പന്തിലും അജിങ്ക്യ രഹാനെ ഫോര്‍ നേടിയിരുന്നു.
ഐപിഎല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തില്‍ ഋഷഭ് പന്തിനൊപ്പം പൃഥ്വി ഷായെത്തി. 2019 ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 പന്തില്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയിരുന്നു.
2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ക്രിസ് മോറിസാണ് ഐപിഎലില്‍ ഡല്‍ഹി ഫ്രാഞ്ചൈസിക്കുവേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്.
ഷായുടെ പോരായ്മകള്‍ അറിയാമാ യിരുന്ന മാവി എറിഞ്ഞ ആദ്യ പന്ത് ഇന്സ്വിംഗറായിരുന്നു. കഴിഞ്ഞ സീസണുകളില്‍ ഇത്തരം പന്തുകള്‍ കളിക്കുന്നതില്‍ ഷായ്ക്കു പോരായ്മയുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മത്സരശേഷം ഷാ പറയുകയും ചെയ്തു. മാവിയില്നിന്നു താന്‍ ഈ പന്ത് പ്രതീക്ഷിച്ചിരുന്നു.
മാവിക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് മത്സരങ്ങള്‍ ധാരാളം കളിച്ചിട്ടുള്ളയാളാണു ഷാ. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഇവരുണ്ടായിരുന്നു. ഷാ ക്യാപ്റ്റനായിരുന്ന ആ ലോകകപ്പ് ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു മാവി.
മാവിയുടെ ഇന്‍സ്വിംഗര്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ ഷാ ബൗണ്ടറിയിലേക്ക് ഉയര്‍ത്തിവിട്ടു. തുടര്‍ന്നുള്ള അഞ്ചു പന്തുകളും ബൗണ്ടറി തൊട്ടു.എന്നാല്‍ മത്സരശേഷം താരങ്ങളുമായി ഹസ്തദാനം നടത്തുന്നതിനിടെ പൃഥ്വി ഷായുടെ കൈ പിടിച്ചു തമാശരൂപേണ ഞെരിച്ചും കഴുത്തിനു പിടിച്ചും മാവി സൗഹൃദം പങ്കിട്ടു.
ശിഖര്‍ ധവാനു കൈ കൊടുത്തശേഷമാണ് ഷായുടെ കൈയില്‍ മാവി പിടുത്തമിട്ടത്. കൈ പിടിച്ച് തിരിക്കുന്നതിന്റെയും വേദനകൊണ്ട് ഷാ പുറകോട്ട് പോവുന്നതിന്റെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.