മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ കൂടുതല്‍ തെളിവെടുപ്പിന് പോലീസ്. ഇതിനു മുന്നോടിയായി ചാലിയാർ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.
കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലംഗ സംഘം കഴിഞ്ഞ ദിവസം നിലമ്പൂരില്‍ അറസ്റ്റിലായിരുന്നു.
മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പോലീസ്പറഞ്ഞു.
നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം.
ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷം
2020 ഒക്ടോബറിൽ ഷൈബിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്.
കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു.
വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ്അറസ്റ്റിലായത്.
ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല.2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബകൊല്ലപ്പെടുകയായിരുന്നു.
പ്രതിഫലം നല്‍കാതെ
പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാതായതോടെ ഇയാളുടെ വീട്ടില്‍നിന്ന് സുഹൃത്തുക്കള്‍ കവര്‍ച്ച നടത്തി. ഇതിനെതിരേ ഏപ്രില്‍ 24-ന് ഷൈബിന് നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി.
ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റുചെയ്തു.മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്പില് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.
നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന് കൊലപാതകം ചെയ്യിച്ചിട്ടുണ്ട്.എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെയും നൗഷാദിനെയും ചേര്‍ത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.
‘ഷാബാ ഷെരീഫിന്റെ മൃതദേഹം മുറിച്ചത് ഇറച്ചിവെട്ടുന്ന കത്തികൊണ്ട്..!’
നിലന്പൂർ: നിലന്പൂരിലെ കവർച്ചാ കേസിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതിയായ സംഭവത്തിൽ അറസ്റ്റിലായ ഷൈബിൻ അഷ്റഫ് തടവിൽ പാർപ്പിച്ച മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ കൊന്നു മൃതദേഹം കഷ്ണങ്ങളായി മുറിച്ചത് തടിമില്ലിൽ നിന്നു കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ച്. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു.
വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലന്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ചു കഷണങ്ങളാക്കിയത്.
മൃതദേഹം കുളിമുറിയിൽ വച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിന്റെ ആഢംബരകാറിൽ ഷൈബിനും ഡ്രൈവർ നിഷാദും മുന്നിലായി മറ്റൊരു ആഡംബരകാറിൽ ഷിഹാബുദീനും പിറകിലായി കാറിൽ ഷൈബിന്റെ സഹായി നൗഷാദും അകന്പടിയായി പോയി പുലർച്ചെ പുഴയിൽ തള്ളുകയായിരുന്നു.
തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.മൂലക്കുരുവിനുള്ള ചികിത്സാവിധി പറഞ്ഞുകൊടുക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് ഷാബാ ഷെരീഫിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
പെൻഡ്രൈവിൽ നിന്ന്…
മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷൈബിന്റെ നിർദേശ പ്രകാരം ഷാബാ ഷെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവരികയും വഴിയിൽ കാത്തു നിന്ന ഷൈബിന്റെയും കൂട്ടാളികളുടെയും കാറിൽ കയറ്റി നിലന്പൂരിലെ ഷൈബിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇതിനിടെ ഷാബാ ഷെരീഫിനെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കൾ മൈസൂരു സരസ്വതീപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നാളിതുവരെ അന്വേഷിച്ച് കണ്ടെത്താത്തതിൽ കുടുംബം കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രധിനിധികളെ സമീപിച്ചിരുന്നു.
ഇതിനിടയിലാണ് നിലന്പൂർ പോലീസ് ഷാബാ ഷെരീഫിന്റെ ബന്ധുക്കളെ അന്വേഷിച്ചെത്തുന്നത്. ഷാബാ ഷെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും പോലീസിന് കൈമാറിയ പെൻഡ്രൈവിൽ നിന്നു കണ്ടെടുത്തു.
ദൃശ്യത്തിൽ നിന്നു ബന്ധുക്കൾ ഷാബാ ഷെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിച്ചിട്ടുണ്ട്.