കൊച്ചി: ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒന്നാം പ്രതി ഷൈബിന് അഷ്റഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്കിയാല് അത് കേസിലെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കെതിരേയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പ്രോസിക്യൂഷന് അറിയിച്ചത്.
2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് പാരമ്പര്യ വൈദ്യന് മൈസൂരു സ്വദേശി ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.
മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന് അഷറഫിന്റെ നിര്‍ദേശപ്രകാരം ഷാബാ ഷെരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു കൂട്ടാളികള്‍ കൊലപ്പെടുത്തി.
തുടര്‍ന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്ന് ചാലിയാറിലേക്ക് എറിഞ്ഞു.
പിന്നീട് പ്രതികള്‍ക്കിടയിലുണ്ടായ സംഘര്‍ഷ, മോഷണകേസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ഷൈബിന് അഷറഫ് കൊലക്കേസില്‍ പ്രതിയായതും.
മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേകാല്‍ വര്‍ഷത്തോളം തടവിലിട്ട് പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ മര്‍ദനത്തിനിടെയാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.