ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ടുമഠത്തില് വി.കെ. ജയരാജന്പോറ്റി തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി മൈലക്കോടത്തുമനയില് ജനാര്ദ്ദനന് നമ്പൂതിരി (എം.എന്‍. രജികുമാര്‍)യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി.
ഇന്നു രാവിലെ ശബരിമല സന്നിധാനത്തു നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം.
തുലാം 30നു രാത്രി ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരുടെ അവരോധചടങ്ങുകള് നടക്കും. തുടര്‍ന്നുള്ള ഒരുവര്‍ഷം പുറപ്പെടാ ശാന്തിമാരായി ഇരുവരും പൂജാകര്‍മങ്ങള്‍ അനുഷ്ഠിക്കണം.
2005 – 06 കാലയളവില്‍ മാളികപ്പുറത്ത് മേല്‍ശാന്തിയായിരുന്നു പുതിയ ശബരിമല മേല്‍ശാന്തി ജയരാജന്പോറ്റി. വൈക്കം ക്ഷേത്രത്തില്‍ തന്ത്രി നാരായണന് നമ്പൂതിരിക്കൊപ്പം പൂജാകര്‍മങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള ജയരാജന്പോറ്റി തൃശൂരിലെ വിവിധ ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിരുന്നിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും മാളികപ്പുറത്തു നിന്നു മടങ്ങിയശേഷം വര്‍ഷങ്ങളായി ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും ജയരാജന് പോറ്റി പറഞ്ഞു.
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ജനാര്ദ്ദനന് നമ്പൂതിരി (രജികുമാര്‍) അങ്ങമാലി വേങ്ങൂര്‍, കിടങ്ങൂര്‍ മൈലക്കോടത്ത് മനയിലെ അംഗമാണ്.
പട്ടികയിലെ മൂന്നാംപേരുകാരനായിരുന്നു അദ്ദേഹം.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.എസ്. രവി, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, ഹൈക്കോടതി നിരീക്ഷകന് ജസ്റ്റീസ് കെ. പത്മനാഭന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
ശബരിമല മേല്‍ശാന്തിയുടെ അന്തിമപട്ടികയില്‍ ഒമ്പതു പേരുകളാണുണ്ടായിരുന്നത്. ഈ ഒമ്പതുപേരുകളും ഒരു വെള്ളിപ്പാത്രത്തിലും ശബരിമല മേല്‍ശാന്തി എന്നെഴുതിയ ഒരു കുറിപ്പും മറ്റ് ശൂന്യമായ എട്ട് പേപ്പറുകളും
മറ്റൊരു പാത്രത്തിലായി ഇട്ടുമാണ് നറുക്കെടുപ്പ് നടത്തിയത്. ആദ്യത്തെ പാത്രത്തില്‍ നിന്നെടുക്കുന്ന പേരിനൊപ്പം രണ്ടാമത്തെ പാത്രത്തില്‍ നിന്ന് ശബരിമല മേല്‍ശാന്തി എന്നെഴുതിയ കുറിപ്പും ലഭിക്കുന്നയാള്‍ തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു വ്യവസ്ഥ.
ഇത്തരത്തില്‍ ഏഴാമതാണ് ജയരാജ്പോറ്റിയുടെ പേരും ശബരിമല മേല്‍ശാന്തി എന്നെഴുതിയ കുറിപ്പും ഒന്നിച്ചെത്തിയത്. മാളികപ്പുറം ക്ഷേത്രത്തിലും സമാന രീതിയിലായിരുന്നു നറുക്കെടുപ്പ്. മാളികപ്പുറത്ത് പത്തു പേരുകളാണ് നറുക്കിടാനുണ്ടായിരുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളോടെയായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൗഷിക് വര്‍മ ശബരിമല മേല്‍ശാന്തിയുടെയും ഋഷികേശ് വര്‍മ മാളികപ്പുറം മേല്‍ശാന്തിയുടെയും നറുക്കുകള്‍ എടുത്തു.