വീട്ടിലെ വിശ്വസ്തയായ കുട്ടി.., ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലുമായി ഇരട്ട ബിരുദാനന്തരബിരുദം.., ഗ്രാമത്തിലെ സ്കൂളിൽ കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ…
ഷബ്നം അലിയെന്ന ഈ 38കാരിക്കുവേണ്ടി മഥുര ജില്ലാ ജയിലിൽ തൂക്കുമരം ഒരുങ്ങുകയാണ്. ഇവർ ചെയ്ത കുറ്റം- പാലിൽ മയക്കുമരുന്നു ചേർന്ന് ഏഴു കുടുംബാംഗങ്ങൾക്കു നൽകി മഴുകൊണ്ടു കഴുത്തുവെട്ടി കൊന്നു.
ഈ ക്രൂരത ചെയ്ത് പതിമൂന്നു വർഷമായിട്ടും വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ് യുപി മൊറാദാബാദിലെ അമ്രോഹയ്ക്കടുത്ത ബവൻഖേഡി ഗ്രാമം.
ഞങ്ങളെല്ലാവർക്കും അതൊരു ഷോക്കായിരുന്നു. സലിം എന്നയാളുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ അസ്വാരസ്യം ഉണ്ടായിരുന്നു എന്നറിയാം. പക്ഷേ അത് ഈവിധത്തിൽ അവസാനിക്കുമെന്ന് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല- ഷബ്നത്തിന്റെ അമ്മാവൻ സത്താർ അലി പറയുന്നു.
പ്രണയം വിധിച്ച ദുർവിധി
സാന്പത്തികമായും സാമൂഹ്യമായും ഉയർന്ന കുടുംബത്തിലെ അംഗമായ ഷബ്നത്തിന് ദിവസക്കൂലിക്കാരനായ സലിമുമായി ഉണ്ടായ ബന്ധം തുടക്കത്തിലേ അംഗീകരിക്കപ്പെട്ടിരുന്നില്ല.
ഉയർന്ന വിദ്യാഭ്യാസമുള്ള ഭൂവുടമകളായിരുന്നു ഷബ്നത്തിന്റെ വീട്ടുകാരും ബന്ധുക്കളും. പിതാവ് സമീപത്തെ കോളജിൽ കലാധ്യാപകനായിരുന്നു. സലിം ആകട്ടെ ആറാം ക്ലാസിൽ പഠിപ്പുനിർത്തിയയാൾ.
ഇയാൾക്കുവേണ്ടി കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുന്പോൾ ഷബ്നം ഏഴുമാസം ഗർഭിണിയുമായിരുന്നു. ഇതൊന്നും ആ നിഷ്ഠൂരകൃത്യം നടത്തുന്നതിൽനിന്ന് ഷബ്നത്തെ തടഞ്ഞില്ല. വിചാരണക്കാലത്ത് കുഞ്ഞു ജനിച്ചു.
മകനെ ദത്തെടുത്ത് കൂട്ടുകാരി
ഷബ്നത്തിന്റെയും സലിമിന്റെയും മകനെ ബുലന്ധേശ്വറിലുള്ള ദന്പതികൾ ദത്തെടുക്കുകയായിരുന്നു. ഷബ്നത്തിന്റെ സുഹൃത്തായ മാധ്യമപ്രവർത്തകനാണ് ദന്പതികളിലെ ഭർത്താവ്.
ഷബ്നവും ഞാനും ഒരു കോളജിലാണ് പഠിച്ചത്. എന്നേക്കാൾ രണ്ടു വർഷം സീനിയറായ അവരും ഞാനും ഒരേ ബസിൽ യാത്രചെയ്തവരാണ്. ഒരിക്കൽ എനിക്ക് ഫീസ് അടയ്ക്കാൻ പണമില്ലെന്നു മനസിലാക്കിയ ഷബ്നം എന്നെ പണംതന്നു സഹായിച്ചത് മറക്കാനാവില്ല- അദ്ദേഹം പറയുന്നു.
ആ ഷബ്നം ഇങ്ങനെയൊരു സംഭവത്തിൽ കുറ്റക്കാരിയായി അറസ്റ്റിലായത് ഞെട്ടലോടെയാണ് പത്രത്തിൽ വായിച്ചത്. അവരുടെ കുട്ടിയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. ഷബ്നത്തിനു വേണ്ടി എനിക്കുചെയ്യാവുന്ന കാര്യം.