തൊടുപുഴ: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ വിധി വന്ന ഇന്നലെ വൈകുന്നേരം 3.23 വരെ തൊടുപുഴ ഒന്നാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ഹാൾ കടുത്ത ആകാംക്ഷയിലായിരുന്നു. രാവിലെ മുതൽ കോടതി വളപ്പിലും പ്രധാന സംസാരം ഇതുതന്നെയായിരുന്നു.
കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീർത്തും നിർവികാരരായി പ്രതികൾ കോടതി ഹാളിന്റെ വാതിൽക്കൽ നിന്നു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. 12-ഓടെ ജഡ്ജി ആഷ് കെ. ബാൽ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. അപ്പോഴും ഇരുവരും ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി നിന്നു.
കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഷെരീഫ് ജഡ്ജിക്കടുത്തെത്തി. തങ്ങൾക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വവും പഠനവും പരിഗണിക്കണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പറഞ്ഞു.
പിന്നീട് അനീഷയും കണ്ണുകൾ നിറഞ്ഞ് അപേക്ഷിച്ചു. എന്നാൽ ഇവർ ഷെഫീഖിന്റെ സഹോദരനെയും ഉപദ്രവിച്ചെന്നും മക്കൾ അനാഥാലയങ്ങളിലാണ് വളരുന്നതെന്നും ഇവരുടെ സുരക്ഷയിൽ ദന്പതികൾക്ക് ഉത്തരവാദിത്വമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് കോടതിയെ ബോധിപ്പിച്ചു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പറഞ്ഞു. പിന്നീട് വിധിക്കായുള്ള കാത്തിരിപ്പ്.
കുട്ടിക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ ചെറിയ സാങ്കേതിക താമസങ്ങൾ മൂലം കാലതാമസം. മറ്റ് കേസുകളുടെ നടപടികൾ നടന്നപ്പോൾ പ്രതികൾ പുറത്ത് ബെഞ്ചിൽ നിർവികാരതയോടെ തലതാഴ്ത്തിയിരുന്നു. ഇരുവരും തമ്മിൽ വളരെ ചെറിയ സംഭാഷണങ്ങൾ. ചുറ്റുംനിന്ന പോലീസുകാരോടും സംസാരിച്ചു.
ഒടുവിൽ 3.23ന് ജഡ്ജി ചേംബറിലെത്തി. മിനിട്ടുകൾക്കുള്ളിൽ നാടൊന്നാകെ കാത്തിരുന്ന വിധി പറഞ്ഞു. ഒന്നാം പ്രതി ഷെരീഫിന് ഏഴുവർഷവും രണ്ടാം പ്രതി അനീഷയ്ക്ക് 10 വർഷവും കഠിന തടവ്. വിധി കേട്ടശേഷം പ്രതികരിക്കാതെ മറ്റു വികാരങ്ങളില്ലാതെ ഇരുവരും കോടതി ഹാളിലെ ബെഞ്ചിൽ തന്നെ ദീർഘനേരം ഇരുന്നു. പിന്നീട് പോലീസ് ജീപ്പിൽ കോടതിയിൽനിന്നും ജയിലിലേക്ക് മടങ്ങി.