കൊണ്ടോട്ടി: കൊണ്ടോട്ടിയ്ക്കു സമീപം എക്കാപറന്പ് മലയതോട്ടത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ടി.എം.എയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ സ്വദേശി കച്ചേരിക്കൽ വീട്ടിൽ ഷെഫീഖി(27)നെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
പുതുവർഷത്തിൽ ഷെഫീഖിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ നിന്നു കോഴിക്കോട് ജില്ലയിലേക്കു ഉൾപ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകൾ വിൽപന നടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിലാണ് ഇയാൾ വീട്ടിൽ വച്ച് വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നിന്റെ ചെറു പൊതികളിലാക്കുന്നതിനിടെ പിടിയിലായത്. 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവുമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.
പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി. ബംഗളുരൂ കലാസിപാളയത്ത് നിന്നാണ് ഷെഫീഖ് വിവിധ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്.
തുടർന്നു കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാർ മുഖേന ചെറുപൊതികളിലാക്കി വിൽപന നടത്തും. ബൈക്കിൽ കറങ്ങി വിൽപ്പന നടത്തുന്ന ഒട്ടേറെ ഡെലിവറി ബോയ്സ് ഇയാൾക്ക് സഹായികളായി ഉള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സംഘാംഗങ്ങളെ ഉടൻ പിടികൂടുമെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ഇറങ്ങി നടന്നു ഇവർ ആവശ്യക്കാർക്ക് 1000 രൂപ നിരക്കിൽ ബ്രൗണ്‍ ഷുഗറിന്റെ ചെറു പൊതികൾ വിൽപന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ആവശ്യക്കാർക്കു എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷ്, എക്സൈസ് ഇന്റലിജൻസ് വിഭാഗം ഓഫീസർ ടി. ഷിജുമോൻ എന്നിവരോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ പി.ഇ ഹംസ, പി. മധുസൂദനൻ, എം വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, കെ. പ്രദീപ്, ഉമ്മർകുട്ടി, കെ.പി സാജിദ്, ഇ. നുഷൈർ, ടി. ശ്രീജിത്ത്, പി.കെ രജിലാൽ, ഷബീർ അലി, അഹമ്മദ് റിഷാദ്, പി. സജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.