കൊച്ചി: സമൂഹത്തിനു മുന്നിൽ താൻ അപഹാസ്യനായെന്നു വൈറ്റിലയിൽ മൂന്നു യുവതികളുടെ ആക്രമണത്തിനിരയായ ഓണ്‍ലൈൻ ടാക്സി ഡ്രൈവർ ഷെഫീക്ക്. തന്റെ പേരിൽ കുടുംബവും കുട്ടികളും അപമാനത്തിനിരയാകുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ ഏറ്റവും തിരക്കുള്ള വൈറ്റില ജംഗ്ഷനിൽ പട്ടാപ്പകൽ മൂന്നു യുവതികളുടെ അതിക്രൂരമായ ആക്രമണത്തിൽ വിവസ്ത്രനായി നിൽക്കേണ്ടി വന്ന തന്റെ ചിത്രവും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
അപമാനഭാരത്തിൽ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.നടുറോഡിൽ തന്റെ മുഖത്തടിക്കുകയും മുണ്ട് പറിച്ചുമാറ്റി വിവസ്ത്രനാക്കി നിർത്തുകയും ചെയ്ത സ്ത്രീകൾക്കെതിരേ ദുർബലവകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത പോലീസ് തനിക്കു നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.