മുളങ്കുന്നത്തുകാവ്: വിയ്യൂർ സെൻട്രൽ ജയിലിൽനിന്നു വീണ്ടും മൊബൈൽ ഫോണ്‍ പിടികൂടി. ടി.പി. ചന്ദ്രശേഖരൻ വധക്കസിലെ കുറ്റവാളി മുഹമ്മദ് ഷാഫിയിൽനിന്നാണ് മൊബൈൽ ഫോണ്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം രാത്രി ജയിൽ സെല്ലിനകത്ത് ഫോണിലൂടെ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഫോണ്‍ പിടികൂടിയത്.
സെല്ലിന്റെ ഭിത്തിയിലെ സിമന്റ് ഇളകിയനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇതു മൊബൈൽ സൂക്ഷിക്കുന്നതിനായി ഉണ്ടാക്കിയതാണെന്നു കരുതുന്നു. കഴിഞ്ഞദിവസം മറ്റൊരു സെല്ലിൽനിന്ന് ബാറ്ററി കണ്ടെടുത്തിരുന്നു. ഭക്ഷണം കഴിക്കാനായുള്ള പാത്രത്തിന്റെ അടിയിലാണ് ബാറ്ററി സൂക്ഷിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയെതുടർന്ന് വിയ്യൂർ പോലീസ് കേസെടുത്തു.
ടി.പി. കേസിലെ കുറ്റവാളികൾ ജയിലിനകത്ത് മൊബൈൽഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തേയും ഉയർന്നിരുന്നു. കഴിഞ്ഞ 12 ന് ഒരു തടവുകാരൻ മലദ്വാരത്തിൽ ഒളിപ്പിച്ച് മൊബൈൽ കടത്തുവാൻ ശ്രമിച്ചതു പിടികൂടിയിരുന്നു. ജയിലിലെ സുരക്ഷാപരിശോധനകൾ കാര്യക്ഷമമല്ലെന്നുള്ളതിന്റെ സൂചന കൂടിയാണ് തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ.
ജയിൽ ഭരിക്കുന്നതു തടവുകാർ
മുളങ്കുന്നത്തുകാവ്: ജയിൽ ഭരിക്കുന്നത് തടവുകാരാണെന്ന ആക്ഷേപം ശക്തമാവുന്പോഴാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽഫോണ്‍ കണ്ടെത്തുന്നത്. കൊടും കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്നതും മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ള വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് എന്ന ആരോപണം ശക്തമാവുകയാണ്. ജയിലിലേക്ക് മൊബൈൽ കടത്താൻ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തലുൾപ്പെടെ വിചിത്രമായ വഴികളാണുള്ളത്. കട്ടിയുള്ള തുകൽ ചെരിപ്പും കട്ടിയുള്ള സോപ്പും തുരന്ന് അറകൾ ഉണ്ടാക്കി ഒളിപ്പിച്ചും മൊബൈലും അനുബന്ധ സാമഗ്രികളും ജയിലിലെത്തിക്കുന്നു.
സിപിഎം നേതാക്കളാണ് ഇപ്പോൾ ജയിൽ ഉപേദേശക സമിതി അംഗങ്ങളിൽ ഭൂരിഭാഗവും. ഇതു ടിപി കേസിലെ കുറ്റവാളികൾക്ക് സൗകര്യമായിരിക്കുകയാണെന്ന് ആരോപണമുണ്ട്. സുരക്ഷാ വീഴ്ചകൾ ആവർത്തിക്കുന്പോഴം ജയിലിലെ സിസിടിവി കാമറകൾ പലതും പ്രവർത്തനരഹിതമാണ്. പലതവണ നന്നാക്കിയ കാമറകൾ ആരോ കേടുവരുത്തുന്നതായി പറയുന്നുണ്ട്.
ജയിലിലെ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇവ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുവാനും ജയിൽ ഉപദേശകസമിതി ജയിൽ ഡിജിപിയോട് ദിവസങ്ങൾക്കുമുന്‍പ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരുന്പോഴാണ് പുതിയ സംഭവം.