കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രോഗി ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തിലാണ്.
രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നടന് മമ്മൂട്ടി ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചിരുന്നു. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്.
1995ല്‍ ആദ്യത്തെ കണ്മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇതടക്കം പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്, ജയസൂര്യ ചിത്രം പുലിവാല് കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007), ചട്ടമ്പിനാട്(2009), ദിലീപ് ചിത്രം ടു കണ്ട്രീസ്(2015) എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഷാഫിയുടേതാണ്. 2022ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകന് സിദ്ദിഖ് അമ്മാവനുമാണ്.