തിരുവനന്തപുരം: കെഎസ് യു പ്രവർത്തകർക്കും ഷാഫി പറന്പിൽ എംഎൽഎയ്ക്കുമെതിരായ പോലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. ബുധനാഴ്ച സഭ ചേർന്നപ്പോഴാണു പ്രതിപക്ഷം വിഷയം ഉന്നയിച്ചത്.
ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയിൽ ഉയർത്തിക്കാട്ടി. ചോദ്യോത്തരവേള നിർത്തി വർച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തര വേള നിർത്തിവയ്ക്കാനാവില്ലെന്നും ഇതേവിഷയത്തിൽ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.
ഇതോടെ പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. കേരള സർവകലാശാല മാർക്ക് ദാനത്തിനെതിരെ കെഎസ് യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണു ഷാഫി പറന്പിൽ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പടെയുള്ളവർക്കു പരിക്കേറ്റത്.