പാലക്കാട്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാനായി കർണാടകയിലേക്കുപോയ പാലക്കാട്ടെ എംഎൽഎ ഷാഫി പറന്പിൽ ജനങ്ങളോട് മാപ്പുപറയേണ്ടതാണെന്ന് ഭാരതീയ ജനതാപാർട്ടി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കെ എസ്ആർടിസി ബസ്റ്റാൻഡ് പുനർനിർമിക്കാൻ പ്രവർത്തനാനുമതി കിട്ടുന്നതിനു മുന്‍പുതന്നെ പൊളിച്ചുമാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എംഎൽഎയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല.
കേരളത്തിൽ തന്നെ ഏറ്റവും വലിയ സർക്കാർ സ്കൂളുകളിലൊന്നായ മോയൻസ് ഹൈസ്കൂളിൽ ഉണ്ടായിരുന്ന ബ്ലാക്ക് ബോർഡ് പൊളിച്ചു മാറ്റിയശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും ഡിജിറ്റൽ ബോർഡ് സ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എംഎൽഎ വിശദീകരിക്കണം.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങുകയും വർഷങ്ങൾ കഴിഞ്ഞിട്ടും പണിപൂർത്തീകരിക്കാൻ സാധിക്കാതെ ഇപ്പോഴും മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നൂറുക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്തം എംഎൽഎയ്ക്ക് മാത്രമാണ്.
ഗുരുതരപ്രശ്നങ്ങൾ മണ്ഡലത്തിൽ നിലനില്‍ക്കുന്പോൾ കർണാടകയിലേക്ക് സ്ഥലംവിട്ട എംഎൽഎ ഷാഫി പറന്പിൽ പാലക്കാട്ടെ ജനങ്ങളോടു മാപ്പുപറയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.