തിരുവനന്തപുരം: പാർട്ടി കോടതിയുടെ ശൈലിയിലേക്കു കേരളത്തിലെ പോലീസ് മാറാൻ അനുവദിക്കരുതെന്ന് ഷാഫി പറന്പിൽ എംഎൽഎ. ലോക്കപ്പ് മർദനങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകവെയാണു ഷാഫിയുടെ പരാമർശം.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ കൊല്ലപ്പെട്ട ദിവസം തന്നെ ഓട്ടോ ഡ്രൈവർ ഹക്കീമും ക്രൂര മർദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.
ഇടയ്ക്കിടെ ആളെ കൊല്ലുക എന്നതു പോലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച ഷാഫി പറന്പിൽ ആരോപിച്ചു. ഭാര്യയെ തല്ലിയാൽ തല്ലുന്നവനെ തല്ലിക്കൊല്ലാൻ പോലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുന്പോൾ എങ്ങനെയാണ് ക്രമസമാധാനം നടപ്പാക്കുക.
എല്ലാ ദിവസവും ആളെ കൊല്ലുന്നതിനാണോ ഒറ്റപ്പെട്ട മരണം എന്നു പറയുന്നത്. പോലീസിന്റെ ഇടപെടലുകളിൽ ഈ സർക്കാരിന്റെ കാലത്തു മരിച്ചത് 32 പേരാണ്. പാർട്ടി കോടതിയുടെ ശൈലിയിലേക്കു പോലീസ് മാറരുതെന്നും ഷാഫി ആവശ്യപ്പെട്ടു.
പന്ത്രണ്ടിനാണോ പതിനഞ്ചിനാണോ രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് ആഭ്യന്തര മന്ത്രിക്കുപോലും വ്യക്തതയില്ല. ആഭ്യന്തരവകുപ്പ് ഇടുക്കിയിൽ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ടോ?, ഒരു സഹമന്ത്രിയെ വച്ചിട്ടുണ്ടോ എന്നും ഷാഫി ചോദിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികളുടെ തലയും താടിയും തല്ലിപ്പൊളിക്കാൻ അനുവദിക്കരുതെന്നും ഷാഫി ആവശ്യപ്പെട്ടു.