പാലക്കാട്: ഷാഫി പറന്പിലിനെ പട്ടാന്പിയിലേക്ക് മാറ്റി എ.വി ഗോപിനാഥിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.
ഷാഫിക്കെതിരെ വിമത പ്രവർത്തന സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കത്തിന് നേതൃത്വം മുതിരുന്നത്.
എ.വി ഗോപിനാഥ് ഇടഞ്ഞുനിന്നാൽ പാലക്കാട്ട് ഷാഫിക്ക് വിജയം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.
ഗോപിനാഥിന് പാലക്കാട് സീറ്റ് നല്‍കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകുമോ എന്നാണ് നോട്ടം. കൂടാതെ ഇ. ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയായി നില്‍ക്കാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്.
ശക്തമായ ത്രികോണ മത്സരം വരുന്പോൾ ഒരു വോട്ട് പോലും ചോരുന്നത് പരാജയത്തിനിടയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി
എന്നാൽ താൻ സ്ഥാനാർഥിയാകാനില്ലെന്നാണ് ഗോപിനാഥ് പറയുന്നത്. പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഡിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാനാവില്ലെന്നാണ് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നിലപാട്.
അതുകൂടി കണക്കിലെടുത്താണ് മണ്ഡലം മാറ്റിയുള്ള പരീക്ഷണം നേതൃത്വം ആലോചിക്കുന്നത്.
എന്നാൽ ഇത് അഭ്യൂഹം മാത്രമാണെന്നും പാലക്കാട് തന്നെ മത്സരിക്കുമെന്നും ഷാഫി പറന്പിൽ എംഎൽഎ പറഞ്ഞു.
പട്ടാന്പിയിൽ മത്സരിക്കണമെങ്കിൽ തനിക്ക് എന്നേ ആകാമായിരുന്നു. ഇന്നലെ താൻ ഡൽഹിയിൽ ഉണ്ടായിരുന്നു.
ആരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിലൂടേയാണ് ഇക്കാര്യം അറിയുന്നതെന്നും ഷാഫി പറഞ്ഞു.