തിരുവനന്തപുരം: സപ്ലൈകോയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷത്തുനിന്നു ഷാഫി പറമ്പിലാണ് വിഷയം അവതരിപ്പിച്ചത്.
സപ്ലൈകോയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സഭയെ അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി താൽകാലികമാണ്. ഈ മേഖലയിലേക്ക് കുത്തകകൾ വരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഇതിൽ വീണു പോകരുതെന്നും ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞു.
പ്രതിപക്ഷമല്ല സപ്ലൈകോയെ തകർക്കുന്നതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. ധനവകുപ്പിനെതിരേ സംസാരിക്കാൻ മന്ത്രി പ്രതിപക്ഷത്തിനോടൊപ്പം നിൽക്കണമെന്നും ഷാഫി പറഞ്ഞു.
സപ്ലൈകോ സ്റ്റോറുകൾക്ക് മാവേലി സ്റ്റോർ എന്ന് പേരിട്ട് മാവേലിയെ വെറുതെ പറയിക്കരുതെന്നും ഷാഫി പരിഹസിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നു പോകുന്നതെന്നും കേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ഷാഫി പറഞ്ഞു.