കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് അറവുകാരനെപ്പോലെയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു.
സംഭവത്തില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണു മനസിലാക്കുന്നത്.
വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം പുറത്തെടുക്കുക. ഒരു വീട്ടില്‍വച്ചു വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അതു പുറത്തെടുക്കാനാവില്ല.
അതേസമയം അവയവക്കച്ചവടം നടത്താമെന്നു ഷാഫി, ഭഗവല്‍ -ലൈല ദമ്പതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാകാമെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരേ നിരവധി ശാസ്ത്രീയ, സൈബര്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.
ചോദ്യം ചെയ്യലില്‍ നിന്നു നിരവധി കാര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേസുമായി ബന്ധപ്പെട്ടതാണോയെന്നു പരിശോധിക്കും.
മുഖ്യപ്രതി ഷാഫി കേസുമായി ബന്ധപ്പെട്ടു നിരവധി കഥകള്‍ പറയുന്നുണ്ട്. എല്ലാം മുഖവിലയ്ക്കെടുക്കുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് മുഖേന തന്നെയാണ് ഷാഫി, ഭഗവല്‍ -ലൈല ദമ്പതികളെ പരിചയപ്പെടുന്നത്.
സമൂഹമാധ്യമങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ നല്ല പരിചയമുള്ള ആളാണെന്നാണു മനസിലാക്കിയിട്ടുള്ളത്. ഇയാള്‍ക്കു പിന്നില്‍ ആരുമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
അതേസമയം പോലീസ് ഈ സാധ്യതയും തള്ളിക്കളയുന്നില്ല. ഷാഫിയുടെ പഴയകാല പ്രവൃത്തികളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവയ്ക്കു നിലവിലെ കേസുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മൃതദേഹങ്ങള്‍ പല കഷണങ്ങളായതുകൊണ്ട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു താമസമെടുക്കും. പ്രതികളുമായി ഇലന്തൂരിലടക്കം നിരവധിയിടങ്ങളില്‍ തെളിവെടുപ്പിന് ഇനിയും പോകേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.