മങ്കൊമ്പ്: നരബലിക്കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി അന്വേഷണസംഘം കുട്ടനാട്ടിലുമെത്തി. കേസിലെ മുഖ്യപ്രതി ഷാഫിയെയാണ് അന്വേഷണസംഘം എത്തിച്ചത്.
പള്ളിക്കൂട്ടുമ്മ പള്ളിക്കു പടിഞ്ഞാറു ഭാഗത്തു എസി കനാലിലാണ് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടന്നത്.
ഇലന്തൂരിൽ നടന്ന രണ്ടാമത്തെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്.
കൊല്ലപ്പെട്ട തമിഴ് സ്ത്രീ പത്മത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കൊലുസ് എസി കനാലിൽ ഉപേക്ഷിച്ചെന്ന മുഖ്യപ്രതിയുടെ മൊഴിയെത്തുടർന്നായിരുന്നു പരിശോധന.
ആളും ബഹളവും
അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിൽ 11.50ഓടൊണ് പോലീസും മുങ്ങൽ വിദഗ്ധരുമെത്തിയത്.
മുഖ്യപ്രതിയായ ഷാഫിയും പോലീസിനൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞു കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി.
നവീകരണ ജോലികൾ നടക്കുന്ന എസി റോഡിൽ ഇതോടെ ഗാതഗതക്കുരുക്കും അനുഭവപ്പെട്ടു. ഒന്നര വരെ നീണ്ട തെരച്ചിലിനൊടുവിൽ സംഘം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. വീണ്ടും രണ്ടരയോടെ തെരച്ചിൽ പുനരാരംഭിച്ചു.
ആളുകൾ തിങ്ങിക്കൂടുന്നത് അന്വേഷണ സംഘത്തിനു ബുദ്ധിമുട്ടായതോടെ ഉച്ചകഴിഞ്ഞു ഷാഫിയെ തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവരാതെ രാമങ്കരി പോലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.
മൂന്നരയോടെ തെരച്ചിൽ അവസാനിപ്പിച്ച സംഘം പ്രതിയുമായി എറണാകുളത്തേക്കു പോയി.
കൊല നടന്ന ദിവസം ഇലന്തൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഷാഫി പള്ളിക്കൂട്ടുമ്മയിലെത്തിയത്. മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ കൈവശം സൂക്ഷിച്ചിരുന്ന വെള്ളിക്കൊലുസുകൾ കനാലിലേക്കെറിയുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.
ഏറെ നേരത്തെ തെരച്ചിൽ നടത്തിയെങ്കിലും കിട്ടാതായതോടെ ഇവിടെയാകില്ല പ്രതി കൊലുസ് കളഞ്ഞതെന്നാണ് പോലീസ് കരുതുന്നത്.
കൊലുസ് എറിയുന്ന സമയത്തു തോട്ടിൽ നിറയെ പോളയുണ്ടായിരുന്നതായി ഷാഫി പറയുന്നു.
പോളയുടെ മുകളിൽ വീണ ആഭരണം പോളയ്ക്കൊപ്പം മറ്റെവിടേക്കെങ്കിലും ഒഴുകിമാറിയതാകാമെന്ന സംശയവുമുണ്ട്.
എന്നാൽ, ആഭരണം നിക്ഷേപിച്ചെന്നു പറയുന്ന ഭാഗത്തു കനാലിൽനിന്നു കഴിഞ്ഞ ആഴ്ച ജെസിബി ഉപയോഗിച്ചു ചെളി നീക്കം ചെയ്തിരുന്നതായി സമീപവാസികൾ പറയുന്നു.
അങ്ങിനെയാണെങ്കിൽ ചെളിക്കൊപ്പം ആഭരണങ്ങളും പോയിട്ടുണ്ടാകാനുള്ള സാധ്യതയുമുണ്ട്.