കൊച്ചി: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.
ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഷാഫി വ്യക്തമാക്കിയിട്ടുള്ളത്.
താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു.
പാനൂർ ബോംബ് സ്ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ല. അത്രയധികം സൈബർ ആക്രമണമാണ് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അശ്ലീല വിഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി പറയുന്നു.
മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുൻപു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇല്ലെന്നു പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്നും ഷാഫി വക്കീൽ നോട്ടീസിൽ ആരോപിച്ചു.