സ്വന്തംലേഖകൻ
തൃശൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിയ്യൂർ ജയിലിൽനിന്നു പരോൾ അനുവദിച്ചതു ജയിൽ ഉപദേശക സമിതി അറിയാതെ. കഴിഞ്ഞ ദിവസം വിവാഹിതനായ ഷാഫിയുടെ വിവാഹചടങ്ങിൽ സിപിഎം നേതാവ് എ.എൻ. ഷംസീർ എംഎൽഎ പങ്കെടുത്തതു വിവാദമാകുന്നതിനിടെയാണു പരോളും വിവാദമായിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ, ഇടതു സർക്കാർ അധികാരമേറ്റശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ജയിൽ ഉപദേശക സമിതിക്ക മുന്നിൽ ഷാഫിയടക്കമുള്ളവരുടെ പരോൾ അപേക്ഷ വന്നിരുന്നു. ഇവരടക്കമുള്ള 80 ഓളം പേരുടെ പരോൾ അപേക്ഷകളാണ് അന്നു ചേർന്ന ഉപദേശക സമിതി തള്ളിയത്. ജയിലിലെ മൊബൈൽ ഫോണ് ഉപയോഗം, തടവുകാരുടെ ഭരണം, ജീവനക്കാർക്കു നേരെയുള്ള ഭീഷണി, ലഹരിയുപയോഗം തുടങ്ങി നിരവധി പരാതികളും, കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ പരോൾ അനുവദിക്കാനാവില്ലെന്നതായിരുന്നു അന്ന് അപേക്ഷ നിരസിക്കാൻ കാരണം. ഇതോടൊപ്പം പരോൾ അനുവദിക്കാൻ നീക്കമുണ്ടെന്നു മാധ്യമങ്ങളും വിവാദമാക്കിയതോടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ നാലിനാണു ഷാഫിക്കു പരോൾ അനുവദിച്ചിരിക്കുന്നത്. വിവാഹാവശ്യത്തിനു പരോൾ അനുവദിക്കാനാവില്ലെന്നിരിക്കെ ശിക്ഷണ കാലത്തെ നിശ്ചിതകാലയളവിനു ശേഷം അനുവദിക്കാവുന്ന സാധാരണയായുള്ള പരോൾ ആയി 15 ദിവസത്തേക്കാണു ഷാഫിക്ക് അനുവദിച്ചിരിക്കുന്നത്. ഡിജിപി നേരിട്ടാണു പരോൾ നൽകിയത്.
ജയിലിൽ ദൈനംദിന നടപടിക്രമങ്ങളുൾപ്പെടെ ജയിൽ ഉപദേശക സമിതി അറിഞ്ഞിരിക്കണമെന്നിരിക്കെ വിവാദമായ രാഷ്ട്രീയ കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാൾ കൂടിയായ ഷാഫിക്ക് പരോൾ അനുവദിച്ചത് ആരും അറിഞ്ഞിട്ടില്ല. എല്ലാ മാസവും സാധാരണയായും, അല്ലെങ്കിൽ അടിയന്തര പ്രാധാന്യമനുസരിച്ചോ ഉപദേശക സമിതി യോഗം ചേരണമെന്നാണു ചട്ടമെന്നിരിക്കെ വിയ്യൂരിൽ ഉപദേശക സമിതി യോഗം ചേർന്നിട്ട് അഞ്ചു മാസമായി. ജനുവരി ആറിനാണ് ഇതിനുമുന്പു യോഗം ചേർന്നത്.
ഉപദേശകസമിതിയറിയാതെ അടിയന്തര പ്രാധാന്യമുള്ളതല്ലാതെ, പരോൾ അനുവദിക്കരുതെന്നാണു ചട്ടം. മരണം പോലുള്ള സന്ദർഭങ്ങളിൽ പോലും പോലീസ് കാവലോടെ മാത്രമേ പരോൾ അനുവദിക്കാവൂ എന്നിരിക്കെ ഷാഫിക്കു പരോൾ അനുവദിച്ചിരിക്കുന്നതു ചട്ടലംഘനമാണെന്നു നിയമവിദഗ്ദർ പറയുന്നു. ടി.പി. കേസിൽ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയുമാണു ഷാഫി ഉൾപ്പെടെ ഏഴു പ്രതികൾക്കു ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടി വരുന്നതാണു ശിക്ഷ. 2012 മേയ് നാലിനാണു ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടത്.