റെനീഷ് മാത്യു
കണ്ണൂർ: ജനപ്രതിനിധിയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ.ഷംസീർ കൊലയാളിയുടെ വിവാഹ നടത്തിപ്പുകാരനായി മാറിയെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസയര്‍പ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ എ.എൻ. ഷംസീര്‍ എംഎല്‍എയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും എത്തിയിരുന്നു.
ഇതിനേക്കുറിച്ച് രാഷ്ട്രദീപികയോട് പ്രതികരിക്കുകയായിരുന്നു രമ. പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തത് കൊലപാതകത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലുള്ള അനിഷേധ്യമായ തെളിവാണ്. കണ്ണൂരിലെ ഒട്ടുമിക്ക സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൊലയാളിയെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തതിന്റെ പ്രത്യുപകാരമായാണ് ഇവർ വിവാഹത്തിൽ പങ്കെടുത്തതും ആശംസകൾ നേർന്നതും.
ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഏഴംഗ സംഘത്തിന്റെ വീട്ടിലേക്ക് മാസശന്പളം സിപിഎം നേതൃത്വം കൃത്യമായി എത്തിക്കുന്നുണ്ട്. ഇവരുടെ സംരക്ഷണം പാർട്ടിക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ലജ്ജയുമില്ലാതെ പ്രതിയുടെ കൂടെ നിന്ന് ഫോട്ടോയ്ക്കു പോസുചെയ്ത ഷംസീർ ജനങ്ങളോടു ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തകനാണെങ്കിൽ രാജിവയ്ക്കണമെന്നും കെ.കെ. രമ രാഷ് ട്രദീപികയോടു പറഞ്ഞു.
ബുധനാഴ്ച രാത്രിയിലാണ് എ.എൻ. ഷംസീർ എംഎൽഎയും ബിനീഷ് കോടിയേരിയും മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തി ആശംസ നേര്‍ന്നത്.
ഇന്നലെ വൈകുന്നേരം നാലിനു പള്ളൂര്‍ ഗ്രാമത്തിൽ ജുമുഅ മസ്ജിദില്‍ വച്ചാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. തുടര്‍ന്ന് രാത്രി എട്ടുവരെ ഷാഫിയുടെ ചൊക്ലിയിലെ വീട്ടില്‍ സൽക്കാരവും സംഘടിപ്പിച്ചിരുന്നു. തലേന്ന് ആശംസയുമായി ഷാഫിയുടെ വീട്ടിലെത്തിയ എംഎല്‍എയും ബിനീഷും, ഷാഫിയോടും സുഹൃത്തുക്കളോടുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല.
ഈ ഫോട്ടോകളും ഇതു സംബന്ധിച്ച വാര്‍ത്തകളും നവ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കൊയിലാണ്ടിയിലെ പി.വി. സറീനയാണ് ഷാഫിയുടെ വധു. വിവാഹക്ഷണക്കത്തില്‍ ഷാഫിയുടെ ഫോട്ടോയ്ക്കൊപ്പം ‘പ്രണയമനസുകളെ ജയില്‍ അഴികള്‍ക്കു പോലും തകര്‍ക്കാന്‍ കഴിയില്ലെന്ന’ വാചകവും എഴുതിയിട്ടുണ്ട്.
ടി.പിയെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിൽപ്പെട്ടതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഷാഫിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 15 ദിവസത്തെ പരോളിലെത്തിയാണ് പ്രണയിനിയെ ഷാഫി വിവാഹം ചെയ്തത്. ടി.പി വധത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നാണ് സിപിഎം ഇപ്പോഴും ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഷാഫിയുടെ വിവാഹത്തിൽ സിപിഎം എംഎൽഎ പങ്കെടുത്തത് ചർച്ചയാകുന്നത്.