തലശേരി: ചൊക്ലി പുല്ലൂക്കരയിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം.
പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടിൽ റയിസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ഷഫ്ന (26) യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ചൊക്ലി പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെടുത്തു. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് കബറടക്കും. ഫോറൻസിക് സർജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
കുളിമുറിയിൽ നിന്നും കണ്ടെടുത്ത രക്തം പുരണ്ട കത്തി വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്കയക്കും.ഇന്നലെ രാവിലെ ഒമ്പതോടെയാണ് ഷഫ്നയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങളോടുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ട് മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴോടെ കാണാതാകുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അഞ്ച് വർഷം മുമ്പാണ് റയീസും ഷഫ്നയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. നാല് വയസുകാരി സബാ മറിയ. റയീസിന് വിദേശത്ത് ജോലിയായിരുന്നു. ഒരാഴ്ച മുന്പാണ് നാട്ടിലെത്തിയത്. അബൂബക്കർ-ഫാത്തിമ്മ ദമ്പതികളുടെ മകളാണ് ഷഫ്ന.