ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ ഇരുവരും പിന്‍വലിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘനാ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ഇവര്‍ക്ക് അനുമതി നല്കി. പരാതിക്കാരുടെ പട്ടികയില്‍നിന്നും ഇവരുടെ പേരുകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശിച്ചു.
2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ഷാ ഫൈസല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു.
വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച ഷാ 2019ല്‍ കാശ്മീരിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സര്‍വീസില്‍നിന്ന് വിരമിക്കുകയായിരുന്നു.
ഇതിനുപിന്നാലെ കേന്ദ്രം ഇന്ത്യന്‍ മുസ്ലിംങ്ങളെ പാര്‍ശ്വവത്കരിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്നും ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
പിന്നീട് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നപേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാപിച്ചു.
ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന് വൈസ്പ്രസിഡന്റായിരുന്നു ഷെഹ്ല റഷീദ്.
2016ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെയുള്‍പ്പെടെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അവര്‍.
പിന്നീട് ഷെഹ്ല ഷാ ഫൈസലിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
2020 ഓഗസ്റ്റില്‍ ഷാ ഫൈസലും പിന്നാലെ ഷെഹ്ല റഷീദും പാര്‍ട്ടി വിട്ടു. കഴിഞ്ഞവര്‍ഷം രാജി പിന്‍വലിക്കാന്‍ തയ്യാറായ ഷാ ഫൈസലിനെ തിരികെ സര്‍വീസിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് 2022 ഏപ്രിലില്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ച ഷായെ 2022 ഓഗസ്റ്റില്‍ ടൂറിസം മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.
അനുച്ഛേദം 370 കഴിഞ്ഞുപോയ സംഭവമാണെന്ന് അടുത്തിടെ ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 റദ്ദാക്കിയത്.
സംസ്ഥാനത്തെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു.