കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി പോലീസ്. കുറ്റമറ്റരീതിയില്‍ അന്വേഷണം നടത്തി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതുമൂലം വലിയ രീതിയിലുള്ള പ്രതിഷേധം സമൂഹത്തിലുയര്ന്നുവന്നിട്ടുണ്ട്.
ഇതുകൂടി പരിഗണിച്ച് കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള പരാതി പരിഹരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.സംശയമുള്ളവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. ഇൻസ്റ്റഗ്രാം, അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയില്‍ പങ്കാളികളായവരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാനാണ് നീക്കം.
ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചതിനുശേഷം ഒരു സംഘം വിദ്യാര്‍ഥികള്‍ താമരേശരിയിലെ മാളിനു സമീപം സംഘടിച്ചുനില്ക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ പ്രതിചേര്ക്കപ്പെട്ടവരല്ല ഇവര്‍. ഇതിനെകുറിച്ചും അന്വേഷിച്ചുവരികയാണ്.
ഷഹബാസിനെ കൊലപ്പെടുത്തിയതിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ ചിന്തകള്‍.
കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയിൽ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ, മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നും പോലീസ് അറിയിച്ചു.
- സ്വന്തം ലേഖകന്‍