കോഴിക്കോട്: താമരശേരിയില് പത്താം ക്ലാസ് വിദ്യാര്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതാന് അനുവദിച്ചാല് തടയുമെന്ന് യൂത്ത് കോണ്ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് താമരശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.
കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്ന്നവര്ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്ഗ്രസ് പ്രസ്താവനയില് വ്യക്തമാക്കി.
അതേസമയം കുറ്റാരോപിതരുടെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില് ഒരേ സമയമാണ് പരിശോധന നടക്കുന്നത്.
കേസില് മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള് അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല് ഫോണുകളും പോലീസ് തേടുന്നുണ്ട്.