വയനാട്: ബത്തേരിയിൽ പാന്പുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ നിര്യാണത്തിൽ അനുശോചിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഷഹ്ലയുടെ മരണം നിർഭാഗ്യകരവും സങ്കടകരവുമാണെന്നും ഷഹ്ലയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും രാഹുൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംഭവം നടന്ന സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ വികസനത്തിനായി എംപി ഫണ്ടിൽനിന്നു തുക അനുവദിക്കുമെന്നും രാഹുലിന്റെ ഓഫീസ് അറിയിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം ക്ലാസിൽവച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുളള പൊത്തിൽ പതിയിരുന്ന പാന്പ് കുട്ടിയെ കടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ വ്യാഴാഴ്ച അധ്യാപകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതിൽ തല്ലി പൊളിക്കുകയും ചെയ്തിരുന്നു