തിരുവനന്തപുരം: വയനാട് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹല ഷെറീൻ പാന്പ് കടിയേറ്റു മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
നിർദേശങ്ങൾ പൂർണമായി നടപ്പിൽ വരുത്തിയിട്ടുണ്ടെന്ന് ഡിസംബർ 10ന് നാലിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്കൂളുകളിലും 30നകം പിടിഎ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പിടിഎകൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പിടിഎയും പ്രഥമാധ്യാപകരും അധ്യാപകരും അനധ്യാപകരും അതീവ പ്രാധാന്യം നൽകണമെന്നും നിർദേശം നൽകി.