തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാന്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പിടിഎയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സ്കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് പിടിഎയുടെ പണിയാണെന്നും കുട്ടി മരിച്ചതിന് സ്കൂൾ തല്ലി തകർത്തത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പിടിഎയ്ക്ക് എന്തായിരുന്നു പണി?. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. സ്കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് അയാളുടെ ജോലിയാണ്. വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കേണ്ടതില്ല. പ്രതിവിധികൾ കണ്ടുപിടിക്കുന്നതിനു പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്- അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തിനു കാരണം സ്കൂളാണ് എന്ന രീതിയിലാണു നാട്ടുകാർ പെരുമാറിയതെയെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിനാണ് ക്ലാസിൽ വച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുളള പൊത്തിൽ പതിയിരുന്ന പാന്പ് കുട്ടിയെ കടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ വ്യാഴാഴ്ച അധ്യാപകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതിൽ തല്ലി പൊളിക്കുകയും ചെയ്തിരുന്നു.