കൊച്ചി: വയനാട് ബത്തേരിയിലെ ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച കേസിൽ വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകനായ സി.വി. ഷജിൽ, താലൂക്കാശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് എന്നിവർക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു.
വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയോ പിഴവോ സംഭവിച്ചെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കിയാണു സിംഗിൾ ബെഞ്ച് മുൻകൂർജാമ്യം അനുവദിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ ക്ലാസ് അധ്യാപകനല്ല, സംഭവം അറിഞ്ഞ് ഓടിയെത്തിയതാണ് ഷജിലെന്നും കോടതി പറഞ്ഞു. ഷജിലിനെയും കെ.കെ. മോഹനനെയും സസ്പെൻഡ് ചെയ്തതിനാൽ ഇവർ തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യുമെന്ന ആശങ്ക വേണ്ട. സസ്പെൻഷൻ കാലാവധി കഴിഞ്ഞു തിരിച്ചെടുക്കുന്പോൾ ഇവരെ മറ്റേതെങ്കിലും സ്കൂളിലേക്ക് നിയോഗിക്കാനാവുമെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്താൽ ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നൽകാനും ഹൈക്കോടതി നിർദേശിച്ചു. താലൂക്കാശുപത്രിയിലെ ഡോക്ടറായ ജിസ മെറിൻ ജോയിയും മറ്റൊരു നഴ്സും മാത്രമാണു കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുവരുന്പോൾ ഉണ്ടായിരുന്നത്. പാന്പുകടിയേറ്റ കുട്ടിക്ക് ആന്റി വെനം (പ്രതിവിഷം) നൽകാനാവുന്ന സാഹചര്യമായിരുന്നോയെന്നു വ്യക്തമല്ല. ഡോക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഡോക്ടർമാർക്കെതിരെയുള്ള ചികിത്സാപിഴവുമായി ബന്ധപ്പെട്ട പരാതിയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിച്ച് തീരുമാനമെടുക്കണമെന്നുണ്ട്. ഈകേസിൽ ഇതു പാലിച്ചിട്ടില്ലെന്ന ഹർജിക്കാരിയുടെ വാദവും ഹൈക്കോടതി കണക്കിലെടുത്തു. കഴിഞ്ഞ നവംബർ 20 നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിൻ ക്ലാസ് മുറിയിൽ പാന്പു കടിയേറ്റു മരിച്ചത്.